ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല, നേതാക്കള്‍ക്കെതിരെ നടപടിയില്ലാത്തതും തിരിച്ചടിയായെന്ന് സിപിഎം

തദ്ദേശ തിരഞ്ഞെടുപ്പിൽ എൽഡിഎഫിനുണ്ടായ തിരിച്ചടി കനത്ത പ്രഹരമാണെന്ന് വിലയിരുത്തി സിപിഎം. ശബരിമല സ്വര്‍ണക്കൊള്ളയടക്കം തിരിച്ചടിയായെന്നും ഭരണവിരുദ്ധ വികാരമുണ്ടായെന്നുമാണ് സിപിഎം വിലയിരുത്തൽ. തദ്ദേശ തിരഞ്ഞെടുപ്പ് ഫലം ഞെട്ടിക്കുന്നതാണെന്നും സര്‍ക്കാര്‍ നേട്ടങ്ങള്‍ പ്രചരിപ്പിക്കുന്നതിൽ സംഘടനാ തലത്തിൽ വീഴ്ചയുണ്ടായെന്നും വിലയിരുത്തുന്നു. പരാജയം ഇഴകീറി പരിശോധിക്കാനാണ് പാര്‍ട്ടി തീരുമാനം. ശബരിമല സ്വര്‍ണക്കൊള്ള വിവാദം തിരിച്ചടിയായി. വിഷയത്തിലുണ്ടായ ഇടതുവിരുദ്ധ ഹേറ്റ് ക്യാമ്പയിനെ പ്രതിരോധിക്കാനായില്ല. അടിസ്ഥാന വോട്ടിൽ വരെ വിവാദം വിള്ളലുണ്ടാക്കി. സ്വര്‍ണകൊള്ളയുമായി ബന്ധപ്പെട്ട സര്‍ക്കാരിന്റെ നിലപാട് ജനങ്ങളിലേക്ക് എത്തിക്കാനായില്ലെന്നും ആരോപണവിധേയരായ നേതാക്കള്‍ക്കെതിരെ നടപടിയെടുക്കാത്തത് എതിര്‍വികാരം ഉണ്ടാക്കിയെന്നും സിപിഎം വിലയിരുത്തുന്നു.




