തദ്ദേശ തിരഞ്ഞെടുപ്പ്: ആദ്യദിനം ലഭിച്ചത് 12 പത്രികകൾ; 21 വരെ…

സംസ്ഥാനത്ത് തദ്ദേശ തിരഞ്ഞെടുപ്പിനുള്ള നാമനിർദേശപത്രിക സമർപ്പണം ആരംഭിച്ചു. ആദ്യദിനത്തിൽ പത്ത് സ്ഥാനാർത്ഥികളുടെ 12 പത്രികകളാണ് ലഭിച്ചത്. തിരുവനന്തപുരത്ത് നാല് സ്ഥാനാർത്ഥികളുടെ ആറും പാലക്കാട്, മലപ്പുറം ജില്ലകളിൽ രണ്ടുവീതവും കോട്ടയം, തൃശൂർ ജില്ലകളിൽ ഒരോ പത്രികയുമാണ് വെള്ളിയാഴ്ച സമർപ്പിച്ചത്. ഇവരിൽ എട്ട് പുരുഷന്മാരും രണ്ടു സ്ത്രീകളും ഉൾപ്പെടും.
ഭരണാധികാരിക്കോ ഉപഭരണാധികാരിക്കോ ആണ് പത്രിക സമര്‍പ്പിക്കേണ്ടത്. 21 വരെ രാവിലെ 11 മുതല്‍ വൈകിട്ട് മൂന്നുവരെ പത്രിക സമര്‍പ്പിക്കാം. 22ന് സൂക്ഷ്മപരിശോധന നടക്കും. 24 വരെ പത്രിക പിൻവലിക്കാം. പത്രികയോടൊപ്പം സ്ഥാവരജംഗമ സ്വത്തുക്കളുടെയും ബാധ്യത/ കുടിശികയുടെയും ക്രിമിനൽ കേസുകളുടെയും ഉൾപ്പടെ വിവരങ്ങൾ നൽകണം.
സ്ഥാനാർത്ഥി ആ തദ്ദേശ സ്ഥാപനത്തിലെ ഏതെങ്കിലും വാർഡിലെ വോട്ടറായിരിക്കണം. പത്രിക സമർപ്പിക്കുന്ന തീയതിയിൽ 21 വയസ് പൂർത്തിയായിരിക്കണം. സ്ഥാനാർത്ഥി ബധിര-മൂകനാകാൻ പാടില്ല. സ്ഥാനാർത്ഥിയെ നാമനിർദേശം ചെയ്യുന്ന വ്യക്തി അതേ വാർഡിലെ തന്നെ വോട്ടറായിരിക്കണം. ഒരു സ്ഥാനാർത്ഥിക്ക് മൂന്ന് സെറ്റ് പത്രിക സമർപ്പിക്കാം



