കണ്ണൂരിലെ ക്ഷേത്രങ്ങളിൽ NSGയുടെ മോക്ക്ഡ്രില്‍….
mock drill in kannur temple
രാജരാജേശ്വര ക്ഷേത്രത്തിലും പറശ്ശിനിക്കടവ് മുത്തപ്പന്‍ ക്ഷേത്രത്തിലും ദേശീയ സുരക്ഷാസേന(എന്‍.എസ്.ജി.)യുടെ മോക്ക്ഡ്രില്‍. ചൊവ്വാഴ്ച രാത്രിയിലാണ് ക്ഷേത്രങ്ങളിലെ ജീവനക്കാരെയും ഉള്‍പ്പെടുത്തിക്കൊണ്ടുള്ള സുരക്ഷാ പരിശീലനം നടന്നത്. ചെന്നൈയില്‍ നിന്നെത്തിയ സംഘം രണ്ടായി തിരിഞ്ഞാണ് രണ്ടിടത്തും ഒരേ സമയം എത്തിയത്. ക്ഷേത്രം ഭാരവാഹികളെ നേരത്തേ അറിയിച്ചിരുന്നെങ്കിലും അസമയത്ത് തോക്കുധാരികളായ കമാന്‍ഡോകളെത്തിയത് ഭക്തര്‍ അമ്പരപ്പോടെയാണ് കണ്ടത്.
ഭീകര വിരുദ്ധ സേനയും ചെന്നൈയില്‍ നിന്നുള്ള എന്‍.എസ്.ജി.സംഘവുമാണ് പോലീസിനും അഗ്നിരക്ഷാ സേനയ്ക്കുമൊപ്പം മോക്ക്ഡ്രില്ലില്‍ പങ്കെടുത്തത്. തോക്കും സ്‌ഫോടക വസ്തുക്കളുമായി ക്ഷേത്രത്തില്‍ നുഴഞ്ഞുകയറിയ ഭീകരരെ വധിച്ച് ബന്ധിയാക്കിയ അസിസ്റ്റന്റ് കളക്ടറെ രക്ഷിക്കുകയെന്ന ‘ദൗത്യ’മാണ് ഞൊടിയിടകൊണ്ട് തീര്‍ത്തത്. വൈദ്യുതി വിച്ഛേദിച്ച് ക്ഷേത്രവും പരിസരവും ഇരുട്ടിലാക്കിയതിന് ശേഷമായിരുന്നു പരിശീലനം. ജില്ലാ പോലീസ് മേധാവി അനൂജ് പലിവാള്‍, ഡിവൈ.എസ്.പി.പ്രദീപന്‍ കണ്ണപൊയില്‍, ഇന്‍സ്‌പെക്ടര്‍ ഷാജി പട്ടേരി, ടി.ടി.കെ.ദേവസ്വം ചെയര്‍മാന്‍ ടി.പി.വിനോദ് തുടങ്ങിയവര്‍ സ്ഥലത്തുണ്ടായിരുന്നു.



