മത്സ്യം ഇനി ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തും; മത്സ്യഫെഡുമായി ധാരണയിലെത്തി ജയിൽവകുപ്പ്

ഏപ്രിൽ ഒന്നുമുതൽ കേരളത്തിലെ മുഴുവൻ ജയിലുകളിലേക്കും മത്സ്യമെത്തിക്കുന്നത് മത്സ്യഫെഡ് ആയിരിക്കും. മത്സ്യമെത്തിക്കാൻ ജയിൽ വകുപ്പും മത്സ്യഫെഡും തമ്മിൽ ധാരണയായി. 57 ജയിലുകളിലേക്കും മത്സ്യം എത്തിക്കാനാണ് ധാരണയായിരിക്കുന്നത്. തടവുകാർക്കുള്ള ഭക്ഷണമെനുവിൽ ആഴ്ചയിൽ 2 ദിവസം മത്സ്യവിഭവമുണ്ട്. പ്രാദേശികമായാണ് ഇപ്പോൾ മത്സ്യം വാങ്ങുന്നത്. ലഭ്യതക്കുറവു കാരണം ചില ഘട്ടങ്ങളിൽ മത്സ്യം കിട്ടാറില്ല. മത്സ്യഫെഡിനെ ഏൽപിക്കുന്നതോടെ മത്സ്യം ഹാർബറിൽനിന്നു നേരിട്ട് ജയിലുകളിലെത്തിക്കും. ഈയിടെ വാങ്ങിയ ശീതീകരണ സൗകര്യമുള്ള 8 വാഹനങ്ങൾ വിതരണത്തിനായി മത്സ്യഫെഡ് ഉപയോഗപ്പെടുത്തും.

25 മത്സ്യങ്ങളുടെ പട്ടിക മത്സ്യഫെഡ് ജയിൽ വകുപ്പിനു നൽകിയതിൽ മത്തി, അയല, ചൂര എന്നിവ അംഗീകരിച്ചിട്ടുണ്ട്. ഇവ കറിക്കഷണങ്ങളാക്കി ജയിലിലെത്തിക്കും. ജയിൽ കൗണ്ടറിലേക്കു മീൻ അച്ചാർ, ഉണക്കച്ചെമ്മീൻ അച്ചാർ എന്നിവയും മത്സ്യഫെഡ് നൽകും. പൊതുജനത്തിന് ഇവ വാങ്ങാനാകും. ജയിലിലേക്ക് മത്സ്യമെത്തിക്കുന്നതിലൂടെ മത്സ്യഫെഡിനു വരുമാനം വർധിപ്പിക്കാനാകുമെന്ന് എംഡി ഡോ. പി.സഹദേവൻ പറഞ്ഞു.

Related Articles

Back to top button