ഹിജാബ് വിവാദം; പള്ളുരുത്തി സെൻറ് റീത്താസ് സ്കൂളിൽ നിന്ന് രണ്ട് കുട്ടികൾ കൂടി പഠനം നിർത്തുന്നു…
ഹിജാബ് വിവാദത്തിന് പിന്നാലെ കൊച്ചി പള്ളുരുത്തി സെൻറ് റീത്താസ് പബ്ലിക് സ്കൂളിൽ നിന്ന് രണ്ട് വിദ്യാർത്ഥികൾ കൂടി പഠനം നിർത്തുന്നു. സ്കൂളിലെ രണ്ടാം ക്ലാസിലും മൂന്നാം ക്ലാസിലും പഠിക്കുന്ന വിദ്യാർത്ഥികളാണ് പഠനം നിർത്തി വേറെ സ്കൂളിലേക്ക് മാറുന്നത്. വേറെ സ്കൂളിലേക്ക് മാറുന്നതിനായി സെൻറ് റീത്താസ് സ്കൂളിൽ ട്രാൻസ്ഫർ സർട്ടിഫിക്കറ്റിനായി (ടിസി) രക്ഷിതാവ് അപേക്ഷ നൽകി. തോപ്പുംപടിയിലെ ഔവർ ലേഡീസ് കോൺവെൻറ് സ്കൂളിലേക്കാണ് കുട്ടികളെ ചേർക്കുന്നത്. ഹിജാബ് വിവാദത്തിനിരയായ സെൻറ് റീത്താസ് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാർത്ഥിനിക്ക് പിന്തുണ പ്രഖ്യാപിച്ചാണ് തീരുമാനം. ശിരോവസ്ത്ര വിവാദത്തിൽ സ്കൂൾ മാനേജ്മെൻറും പിടിഎ പ്രസിഡന്റും സ്വീകരിച്ച നിലപാട് വേദനിപ്പിച്ചുവെന്ന് സ്കൂൾ മാറ്റത്തിന് അപേക്ഷ നൽകിയ കുട്ടികളുടെ മാതാവ് ജസ്ന ഫേസ് ബുക്ക് പോസ്റ്റിട്ടു. ഫേസ്ബുക്ക് പോസ്റ്റിലാണ് സ്കൂൾ മാറ്റുന്ന തീരുമാനവും ജസ്ന അറിയിച്ചത്.



