കൺമുന്നിൽ വാഹനാപകടം, ഒന്നും നോക്കിയില്ല.. ദമ്പതികളുമായി പാഞ്ഞ് ഹൈക്കോടതി ജഡ്ജി…
അപകടത്തിൽപ്പെട്ട ദമ്പതികൾക്ക് രക്ഷകയായി ഹൈക്കോടതി ജഡ്ജി. ഇന്ന് പാലാരിവട്ടം ബൈപ്പാസ് മേൽപ്പാലത്തിന് സമീപം തമ്മനം സ്വദേശികളായ ദമ്പതികൾ സഞ്ചരിച്ച ഇരുചക്രവാഹനവും ബസും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ പരിക്കേറ്റു കിടന്ന ദമ്പതികളെ തൊട്ടു പിന്നാലെ എത്തിയ ഹൈക്കോടതി ജഡ്ജി സ്നേഹലതയാണ് തന്റെ ഔദ്യോഗിക വാഹനത്തിൽ കയറ്റി വേഗം പാലാരിവട്ടം മെഡിക്കൽ സെന്ററിൽ എത്തിച്ചത്.
ഈ സമയം മറ്റൊരാവശ്യത്തിന് ആശുപത്രിയിലെത്തിയ പൊതുപ്രവർത്തകനും റിട്ടയേർഡ് ഫയർ ഇൻസ്പെക്ടറും സൊസൈറ്റി ഓഫ് ഹ്യൂമൻ ഇൻവെസ്റ്റിഗേഷൻ ജില്ലാ ഭാരവാഹിയുമായ അസീസ് പികെ ജഡ്ജിയുടെ വാഹനം വേഗത്തിൽ പരിക്കേറ്റവരെയും കൊണ്ട് ആശുപത്രിയിലേക്ക് വരുന്നത് കണ്ടതോടെ വിവരങ്ങൾ അന്വേഷിക്കുകയും ദൃശ്യങ്ങൾ പകർത്തുകയും ചെയ്യുകയായിരുന്നു.
അപകടത്തിൽപ്പെട്ട ദമ്പതികളെ എത്രയും വേഗം ആശുപത്രിയിൽ എത്തിക്കുകയും അവർക്ക് വേണ്ട എല്ലാവിധ സഹായങ്ങൾ ചെയ്യുകയും ചെയ്തതിനു ശേഷമാണ് ഹൈക്കോർട്ട് ജഡ്ജ് സ്നേഹലത ആശുപത്രിയിൽ നിന്നും പോയത്. ഈ മാതൃകാപരമായ പ്രവർത്തിയിൽ അഭിനന്ദനങ്ങൾ ഉയരുകയാണ്.