കേരളം പൊള്ളുന്നു…സംസ്ഥാനത്തെ ഉയര്‍ന്നചൂട് കണക്കിലെടുത്ത് ആറ് ജില്ലകളില്‍..

സംസ്ഥാനത്തെ ഉയര്‍ന്നചൂട് കണക്കിലെടുത്ത് ആറ് ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു ഇടുക്കിയിൽ സൂര്യപ്രകാശത്തിലെ അൾട്രാവയലറ്റ് ഇൻഡക്സ് ഒൻപത് പോയിന്റിലെത്തി. കൊല്ലം, പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, മല‌പ്പുറം ജില്ലകളിൽ 8 ആണ് യുവി നിരക്ക് രേഖപ്പെടുത്തിയത്. ഇടുക്കി ഉൾപ്പടെയുള്ള ഈ ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശൂർ, പാലക്കാട്, കോഴിക്കോട്, വയനാട് ജില്ലകളിലെ യുവി ഇൻഡക്സ് ആറ് ആണ് രേഖപ്പെടുത്തിയിരിക്കുന്നത്. സാധാരണയെക്കാൾ 2 മുതൽ 4 ഡിഗ്രി സെൽഷ്യസ് വരെയാണ് താപനില വർധിക്കുക.

തിരുവനന്തപുരം, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് യുവി ഇൻഡക്സിൽ കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. തിരുവനന്തപുരം, കണ്ണൂർ, ജില്ലകളിൽ അഞ്ചും കാസർകോട് മൂന്നുമാണ് യുവി നിരക്ക്. അതേസമയം യുവി ഇൻഡക്സ് 0 മുതൽ 5 വരെയാണെങ്കിൽ മനുഷ്യന് ഹാനികരമല്ല. 6–7 യെലോ അലേർട്ടും 8–10 ഓറഞ്ച് അലേർട്ടും 11നു മുകളിൽ റെഡ് അലേർട്ടുമാണ്. ഉയർന്ന യുവി നിരക്ക് അനുഭവപ്പെടുന്ന പകൽ 10നും വൈകിട്ട് 3നും ഇടിയിൽ നേരിട്ട് സൂര്യപ്രകാശം ഏൽക്കുന്നത് ഒഴിവാക്കണം. വരും ദിവസങ്ങളിലും താപനില ഉയരുമെങ്കിലും ഒറ്റപ്പെട്ട ഇടങ്ങളിൽ മഴ ലഭിച്ചേക്കും. വേനൽ മഴ അടുത്ത മാസം പകുതിയോടെ ലഭിക്കുമെന്ന് കാലാവസ്ഥാ വിദഗ്ധർ പറയുന്നു.

രാവിലെ 11 മണി മുതല്‍ വൈകുന്നേരം 3 മണി വരെ നേരിട്ട് സൂര്യപ്രകാശം ഏല്‍ക്കാതിരിക്കാന്‍ എല്ലാവരും ശ്രദ്ധിക്കണമെന്ന് കാലാവസ്ഥ വകുപ്പ് നിർദേശം നൽകിയിരുന്നു. കുഞ്ഞുങ്ങള്‍, പ്രായമായവര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗങ്ങളുള്ളവര്‍ എന്നിവര്‍ പ്രത്യേകം ശ്രദ്ധിക്കണം. ഉയര്‍ന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിര്‍ജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകും. നേരിട്ട് വെയിലേല്‍ക്കുന്ന ജോലി ചെയ്യുന്നവര്‍ ജോലി സമയം ക്രമീകരിക്കണം. ശരീരത്തിലെ ജല നഷ്ടത്തിലൂടെ നിര്‍ജലീകരണം ഉണ്ടാകാന്‍ സാധ്യതയുള്ളതിനാല്‍ ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കുകയെന്നതാണ് പ്രധാന പ്രതിരോധ മാര്‍ഗം. ശാരീരിക അസ്വസ്ഥകളോ ബുദ്ധിമുട്ടുകളോ ഉണ്ടായാല്‍ ഉടന്‍ ചികിത്സ തേടണം.

Related Articles

Back to top button