കോൺഗ്രസ് ഭരിക്കുന്ന സംസ്ഥാനത്തെ ബജറ്റിലും കേരള മോഡൽ, അഭിമാനം

കേരളത്തിന്റെ ആരോഗ്യ സംരക്ഷണ മാതൃകകൾക്ക് രാജ്യവ്യാപകമായി വീണ്ടും അംഗീകാരം ലഭിച്ചതായി ആരോഗ്യ മന്ത്രി വീണ ജോർജ്. കർണാടക സർക്കാർ ഇന്ന് അവതരിപ്പിച്ച സംസ്ഥാന ബജറ്റിൽ കേരള മാതൃകയിലുള്ള പാലിയേറ്റീവ് കെയർ പദ്ധതി നടപ്പിലാക്കുമെന്ന് ഔദ്യോഗികമായി പ്രഖ്യാപിച്ചുവെന്ന് മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. ഒരു സംസ്ഥാനത്തിന്റെ ബജറ്റിൽ മറ്റൊരു സംസ്ഥാനത്തിന്റെ പ്രവർത്തനങ്ങളെ മാതൃകയായി എടുത്തുപറയുന്നത് അപൂർവമായ കാര്യമാണെന്ന് ആരോഗ്യ മന്ത്രി വീണ ജോർജ് ചൂണ്ടിക്കാട്ടി.

കർണാടക ബജറ്റ് രേഖയുടെ 56-ാം പേജിൽ, 149-ാം ഖണ്ഡികയിലാണ് കേരള മാതൃകയിലുള്ള സാന്ത്വന പരിചരണ പ്രവർത്തനങ്ങൾ കർണാടകയിലും നടപ്പിലാക്കുമെന്ന് പ്രഖ്യാപിച്ചിരിക്കുന്നത്. മാറാരോഗങ്ങൾ ബാധിച്ചവർക്കും ശയ്യാവലംബരായവർക്കും ആശ്വാസമേകുന്ന കേരളത്തിന്റെ പാലിയേറ്റീവ് കെയർ ശൃംഖല ലോകപ്രശസ്തമാണ്.

‘ഇത് കേരളത്തിന്റെ സാന്ത്വന പരിചരണ പ്രവർത്തനങ്ങൾക്കുള്ള വലിയൊരു അംഗീകാരമാണ്. അതുകൊണ്ട് തന്നെ ഇത് ഏറെ അഭിമാനകരമാണ്,’ മന്ത്രി ഫേസ്ബുക്കിൽ കുറിച്ചു. കോൺഗ്രസ് സർക്കാർ ഭരിക്കുന്ന കർണാടക, കേരളത്തിന്റെ വികസന മാതൃകയെ ഏറ്റെടുക്കുന്നത് വലിയ പ്രചാരണ ആയുധമാക്കി ഇടതുപക്ഷം ഉപയോഗിക്കുമെന്ന് ഉറപ്പാണ്. ആരോഗ്യ വകുപ്പിനെതിരെ കെഎഎസ്യു അടക്കമുള്ള കോൺഗ്രസ് പോഷക സംഘടനകൾ സമരം തുടരുകയും, വിവാദങ്ങൾ തുടരുകയും ചെയ്യുന്നതിനിടെയാണ് കുറിപ്പുമായി മന്ത്രി എത്തിയത് എന്നതും ശ്രദ്ധേയമാണ്.

Related Articles

Back to top button