‘കേരളത്തിൽ നൂറുശതമാനം സാക്ഷരത, പക്ഷെ വിദ്യാഭ്യാസം ഇല്ല’.. ഗവർണർ രാജേന്ദ്ര ആർലേക്കർ…
കേരളത്തിൽ നൂറുശതമാനം സാക്ഷരതയുണ്ടെങ്കിലും വിദ്യാഭ്യാസം ഇല്ലെന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ. മാടമ്പ് കുഞ്ഞുകുട്ടൻ സുഹൃദ്സമിതി സംഘടിപ്പിച്ച മാടമ്പ് സ്മൃതിപർവം ഉദ്ഘാടനം ചെയ്ത് സംസാരിക്കുന്നതിനിടെയായിരുന്നു പരാമർശം.സാക്ഷരതയും വിദ്യാഭ്യാസവും തമ്മിൽ വ്യത്യാസമുണ്ട്. വിദ്യാഭ്യാസം ഉണ്ടായിരുന്നെങ്കിൽ ഇന്നു നമുക്കുചുറ്റും നടക്കുന്ന പലകാര്യങ്ങളും സംഭവിക്കില്ലായിരുന്നു. മറ്റുള്ളവരുടെ വികാരം മനസ്സിലാക്കാൻ സാധിക്കുന്നതാണ് വിദ്യാഭ്യാസമെന്നും ഗവർണർ പറഞ്ഞു
മറ്റുള്ളവർക്കുവേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ചിന്ത ഇതിലൂടെ ഉണ്ടാകും. വിദ്യാഭ്യാസം ജ്ഞാനോദയമാണ്. സമൂഹത്തിന് ഇത് ഗുണകരമാണെന്നും അദ്ദേഹം വ്യക്തമാക്കി.ബൗദ്ധികസമൂഹമാണ് കേരളത്തിലേതെന്നും അദ്ദേഹം പറഞ്ഞു.നിരാശ ബാധിച്ചവർക്ക് അടുത്ത ചുവടിനുള്ള ഊർജം തരാൻ സംഗീതത്തിനു സാധിക്കുമെന്നും ഗവർണർ പറഞ്ഞു. സംഗീതസംവിധായകൻ വിദ്യാധരനെ പോലുള്ളവർ സമൂഹത്തിന് വലിയ സേവനമാണ് ചെയ്യുന്നത്. സംഗീതത്തിന്റെ ഈ വഴികളിൽ പുരസ്കാരങ്ങൾ സ്വാഭാവികമായി വന്നുചേരും. മാടമ്പ് കുഞ്ഞുകുട്ടൻ സ്മാരക സംസ്കൃതി പുരസ്കാരം ഗവർണർ വിദ്യാധരന് സമ്മാനിച്ചു.ചടങ്ങിൽ ഗുരുവായൂർ നഗരസഭാ മുൻ ചെയർപേഴ്സൺ പ്രൊഫ പി കെ ശാന്തകുമാരി അധ്യക്ഷത വഹിച്ചു. സുഹൃദ്സമിതി സെക്രട്ടറി ശ്രീകുമാർ ഇഴുവപ്പാടി ഗുരുവായൂരപ്പന്റെ തിടമ്പ് ശില്പം ഗവർണർക്ക് സമ്മാനിച്ചു.