കായികതാരങ്ങൾക്ക് സർക്കാർ ജോലി, 243 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു

മികച്ച നേട്ടങ്ങൾ കൈവരിച്ച കായികതാരങ്ങൾക്ക് സർക്കാർ ജോലി നൽകുന്ന പദ്ധതി പ്രകാരം 2020 മുതൽ 2024 വരെ ഉള്ള കാലയളവിൽ ഒഴിവുള്ള തസ്തകകളിൽ നിയമനം നടത്തുന്നതിന് സർക്കാർ വിജ്ഞാപനം പുറപ്പെടുവിച്ചു. അപേക്ഷകൾ ഏപ്രിൽ ഏഴ് വൈകുന്നേരം അഞ്ച് മണിക്ക് മുമ്പ് ലഭിച്ചിരിക്കണം.
കലണ്ടർ വർഷത്തിൽ 50 ഒഴിവുകൾ വീതമാണ് ഉള്ളത്. ഇതിൽ 2020 കലണ്ടർ വർഷത്തിൽ നിന്നും അഞ്ച് ഒഴിവുകളും 2023, 2024 വർഷങ്ങളിൽ നിന്നും ഓരോ ഒഴിവുകളും കുറച്ച് ആകെ 243 ഒഴിവുകളിലേക്കാണ് ഇപ്പോൾ തെരഞ്ഞെടുപ്പ് നടത്തുന്നത്.
കായിക യോഗ്യതകൾ
അംഗീകൃത അന്താരാഷ്ട്ര ഫെഡറേഷനുകൾ നടത്തിയിട്ടുള്ള ഒളിമ്പിക്സ്, ലോക കപ്പ്, ലോക യൂണിവേഴ്സിറ്റി ഗെയിംസ്, കോമൺവെൽത്ത് ഗെയിംസ്, ഏഷ്യൻ ഗെയിംസ്, സാഫ് ഗെയിംസ്, ഏഷ്യൻ ചാമ്പ്യൻഷിപ്പ്, കോമൺവെൽത്ത് ചാമ്പ്യൻഷിപ്പ്, സൗത്ത്ഏഷ്യൻ ചാമ്പ്യൻഷിപ്പ്, ലോകകപ്പ് / ഒളിമ്പിക്സ് / ഏഷ്യ കപ്പ് യോഗ്യതാ മത്സരങ്ങൾ തുടങ്ങിയവയിൽ കേന്ദ്ര സർക്കാരിന്റെ അനുമതിയോടെ ഇന്ത്യയെ പ്രതിനിധാനം ചെയ്ത ടീമിലെ അംഗമായിരിക്കുകയും വ്യക്തിഗത ഇനങ്ങളിലോ ടീം ഇനങ്ങളിലോ ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളാകുകയും ചെയ്തവർ.
ഇന്ത്യയെ പ്രതിനിധാനം ചെയ്ത് ഇപ്പറഞ്ഞ അന്താരാഷ്ട്ര മത്സരങ്ങളിൽ പങ്കെടുത്തിട്ടുള്ളവർ.
സ്പോർട്സ് കൗൺസിൽ അംഗീകരിച്ചിട്ടുള്ള കായികയിനങ്ങളുടെ ഔദ്യോഗിക ദേശീയ സീനിയർ ചാമ്പ്യൻഷിപ്പ്, ദേശീയ ഗെയിംസ്, അഖിലേന്ത്യ അന്തർ സർവകലാശാല ചാമ്പ്യൻഷിപ്പ്, ഖേലോ ഇന്ത്യ യൂണിവേഴ്സിറ്റി ഗെയിംസ് തുടങ്ങിയവയിൽ പങ്കെടുത്ത് ഒന്നോ, രണ്ടോ, മൂന്നോ സ്ഥാനം നേടി വിജയികളായ കേരള സംസ്ഥാന / സർവകലാശാല ടീമിലെ അംഗങ്ങൾ
മൗണ്ടനീയറിങ്, കളരിപ്പയറ്റ് എന്നീ കായിക ഇനങ്ങളിൽ കേരള സംസ്ഥാന സ്പോർട്സ് കൗൺസിൽ അംഗീകരിച്ച അസോസിയേഷൻ നടത്തുന്ന സീനിയർ സംസ്ഥാന മത്സരങ്ങളിൽ വ്യക്തിഗതയിനങ്ങളിലോ ടീമിനങ്ങളിലോ ഒന്നാം സ്ഥാനം നേടി വിജയികളായവർ.
തെരഞ്ഞെടുപ്പും അപേക്ഷിക്കേണ്ട രീതിയും
കായികരംഗത്തെ നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനത്തിന് ഉദ്യോഗാർത്ഥികളെ തെരഞ്ഞെടുക്കുന്നത്.
ഓരോ കലണ്ടർ വർഷത്തേയും ഒഴിവുകളിലേക്കും, കായിക താരങ്ങൾ അതിനു തൊട്ടുമുമ്പുള്ള രണ്ട് സാമ്പത്തിക വർഷം കൈവരിച്ച നേട്ടങ്ങളുടെ അടിസ്ഥാനത്തിലായിരിക്കും നിയമനം നടത്തുക.
ഓരോ വർഷത്തേക്കുമുള്ള 50 ഒഴിവുകളിൽ 25 എണ്ണം വ്യക്തിഗത ഇനങ്ങൾക്കും, 25 എണ്ണം ടീം ഇനങ്ങൾക്കുമായി നീക്കിവച്ചിരിക്കുന്നു.
ഒന്നിൽ കൂടുതൽ തസ്തികകൾ ക്ക് അപേക്ഷിക്കുന്നവർ പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതില്ല. അപേക്ഷയിൽ മുൻഗണനാ ക്രമത്തിൽ തസ്തികകളുടെ പേര് രേഖപ്പെടുത്തിയാൽ മതിയാകും
എന്നാൽ,ഓരോ വർഷത്തേക്കും പ്രത്യേകം പ്രത്യേകം അപേക്ഷകൾ സമർപ്പിക്കേണ്ടതാണ്.
പ്രായപരിധി: 18- 36 വയസ് (ഓരോ വർഷത്തെയും ഒഴിവുകളിലേക്ക് അപേക്ഷിക്കുന്നവർ പിൻതുടർന്നുവരുന്ന വർ ഷത്തെ ജനുവരി മാസം ഒന്നാം തീയതി 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 36 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും ആയിരിക്കണം (ഉദാ:- 2020 വർഷത്തെ ഒഴിവിലേയ്ക്ക് നിയമനത്തിനായി അപേക്ഷിക്കുന്നവർക്ക് 2021 ജനുവരി 1 ന് 18 വയസ്സ് പൂർത്തിയായിരിക്കേണ്ടതും 36 വയസ്സ് കഴിഞ്ഞിട്ടില്ലാത്തവരും ആയിരിക്കണം)
അപേക്ഷ സമർപ്പിക്കേണ്ട രീതിയും വിലാസവും
അപേക്ഷ പരിഗണിക്കേണ്ട വർഷം അപേക്ഷയുടെ മുൻപേജിൽ മുകളിലായി രേഖപ്പെടുത്തി മുൻ പേജിൽത്തന്നെ ഫോട്ടോ ഒട്ടിച്ച് ആവശ്യമായ രേഖകൾ സഹിതം ഏപ്രിൽ ഏഴിന് ( 07/04/2026 )വൈകുന്നേരം അഞ്ച് മണിക്ക് മുമ്പായി ലഭിക്കത്തക്കവിധം അയക്കണം
അപേക്ഷ അയക്കേണ്ട വിലാസം
സെക്രട്ടറി
പൊതുഭരണ (സർവീസസ്-ഡി) വകുപ്പ്,
ഗവൺമെന്റ് സെക്രട്ടേറിയറ്റ്,
തിരുവനന്തപുരം – 695 001.
ഫോൺ : 0471-2518544



