ഇന്നും കുതിപ്പിൽ തന്നെ; ഒറ്റയടിക്ക് കൂടിയത് 1440 രൂപ! ഇന്നത്തെ സ്വർണവില അറിയാം…
കേരളത്തിൽ ഇന്ന് സ്വർണവിലയിൽ വർദ്ധനവ്. പവന് 1440 രൂപയാണ് ഇന്ന് വർധിച്ചത്. ഇന്ന് ഒരു പവൻ സ്വർണത്തിന്റെ വിപണി വില 91,120 രൂപയാണ്. ഒരു ഗ്രാം സ്വർണത്തിന് 11,390 രൂപയാണ് ഇന്നത്തെ നിരക്ക്. ഇന്നലെ പവന് 1360 രൂപ കുറഞ്ഞ് ഒരു പവന് 89, 680 രൂപയായിരുന്നു.
വീണ്ടും വിലയിൽ കുറവുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരുന്നവർക്ക് ഒരു ഇരുട്ടടിയാണ് ഇന്ന് 1440 രൂപ വർധിച്ചത്.
യുഎസിൽ അനിശ്ചിതത്വം തുടരുന്നതാണ് സ്വർണത്തിന്റെ കുതിപ്പിന് പിന്നിൽ. യുഎസ് ഫെഡ് ഇനിയും നിരക്ക് കുറച്ചേക്കുമെന്ന വിലയിരുത്തലാണ് രണ്ടാം ദിവസവും സ്വർണം നേട്ടമാക്കിയത്. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്സിൽ പത്ത് ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില 1,20,712 രൂപയായി. ആഗോള വിപണിയിൽ സ്പോട് ഗോൾഡാകട്ടെ ട്രോയ് ഔൺസിന് 3,984 ഡോളർ നിലവാരത്തിലാണ്.
ഭൗമരാഷ്ട്രീയ സംഘർഷങ്ങൾ, താരിഫ് അനിശ്ചിതത്വം, ദുർബലമായ ഡോളർ, കേന്ദ്ര ബാങ്കുകളുടെ വൻതോതിലുള്ള വാങ്ങൽ എന്നിവമൂലം ഈ വർഷം ഇതുവരെ സ്വർണ വിലയിൽ 55 ശതമാനത്തിലധികം വർധനവുണ്ടായി. ഫെഡ് റിസർവ് വീണ്ടും നിരക്ക് കുറച്ചാൽ സ്വർണത്തിന്റെ കുതിപ്പ് തുടരുമെന്നാണ് വിലയിരുത്തൽ.