ചർച്ച ഫലം കണ്ടു; നാളെ നടക്കാനിരുന്ന സിനിമാ സമരം പിൻവലിച്ചു

സംസ്ഥാന സർക്കാരുമായി നടന്ന ചർച്ചകൾക്ക് പിന്നാലെ നാളെ നടത്താനിരുന്ന സിനിമാ മേഖലയിലെ സമരം പിൻവലിച്ചു. സാംസ്കാരിക വകുപ്പ് മന്ത്രി സജി ചെറിയാനുമായി ചലച്ചിത്ര സംഘടനകൾ നടത്തിയ ചർച്ച വിജയകരമായതോടെയാണ് സമരത്തിൽ നിന്ന് പിന്മാറാനുള്ള തീരുമാനം കൈക്കൊണ്ടത്.
തിയേറ്ററുകളുടെ ലൈസൻസ് സംബന്ധിച്ച പ്രശ്നങ്ങൾ, സിനിമാ ഷൂട്ടിംഗിന് ഏകജാലക സംവിധാനം, തിയേറ്ററുകളിലെ വൈദ്യുതി നിരക്ക് തുടങ്ങിയ വിഷയങ്ങൾ റെഗുലേറ്ററി ബോർഡുമായി ചർച്ച ചെയ്ത് പരിഹരിക്കുമെന്ന് മന്ത്രി വ്യക്തമാക്കി.
വിനോദ നികുതി നിലവിലെ നിരക്കിൽ നിന്ന് നാല് ശതമാനമാക്കി കുറയ്ക്കാമെന്ന ശുപാർശ മന്ത്രി മുന്നോട്ടുവച്ചിരുന്നു. എന്നാൽ വിനോദ നികുതി പൂർണ്ണമായും ഒഴിവാക്കണമെന്നാണ് സംഘടനകളുടെ നിലപാടെന്ന് ഫിലിം ചേംബർ പ്രസിഡന്റ് അനിൽ തോമസ് പറഞ്ഞു.



