സംസ്ഥാന മൈക്രോബായി ‘ബാസിലസ് സബ്റ്റിലിസ്’; സൂക്ഷ്‌മാണു ഗവേഷണരംഗത്ത് പുതിയ ചുവടുവെപ്പ്

മണ്ണിലും ജലത്തിലും ഭക്ഷണപദാർത്ഥങ്ങളിലും മനുഷ്യന്റെയും മൃഗങ്ങളുടെയും കുടലിലും സാന്നിധ്യമുള്ള ‘ബാസിലസ് സബ്റ്റിലിസ്’ എന്ന സൂക്ഷ്മാണുവിനെ സംസ്ഥാന മൈക്രോബായി മുഖ്യമന്ത്രി പ്രഖ്യാപിച്ചു. ഏറെ പഠനവിധേയമായ ഈ ബാക്ടീരിയ ഗവേഷണ രംഗത്ത് വലിയ സാധ്യതകൾ തുറക്കുന്നതാണെന്ന് അദ്ദേഹം പറഞ്ഞു.
സംസ്ഥാന സർക്കാർ സൂക്ഷ്മാണു ഗവേഷണരംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾ ലക്ഷ്യമിട്ട് കഴക്കൂട്ടം കിൻഫ്രാ ഫിലിം ആൻഡ് വീഡിയോ പാർക്കിൽ സ്ഥാപിച്ച സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം ഉദ്ഘാടനച്ചടങ്ങിലാണ് പ്രഖ്യാപനം നടന്നത്. രോഗനിയന്ത്രണത്തിനും കാർഷിക ഉത്പാദന വർദ്ധനയ്ക്കും ബാസിലസ് സബ്റ്റിലിസ് നിർണായക പങ്ക് വഹിക്കുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
ഈ സൂക്ഷ്മാണുവുമായി ബന്ധപ്പെട്ട് വിവിധ സർവകലാശാലകൾ വികസിപ്പിക്കുന്ന ഉത്പന്നങ്ങൾ സംസ്ഥാനത്തിന്റെ സമ്പദ്‌വ്യവസ്ഥയ്ക്ക് വലിയ മുതൽക്കൂട്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഇതിന്റെ ഭാഗമായി കേരള സ്റ്റാർട്ടപ് മിഷൻ, അമൃത സ്‌കൂൾ ഓഫ് ബയോടെക്‌നോളജി എന്നിവയുടെ പ്രതിനിധികളുമായി സെന്റർ ഓഫ് എക്‌സലൻസ് ഇൻ മൈക്രോബയോം പ്രതിനിധികൾ ഭാവി സഹകരണങ്ങൾക്കായി ധാരണാപത്രങ്ങൾ കൈമാറി.
ചടങ്ങിൽ നിരവധി പ്രമുഖർ പങ്കെടുത്തു. കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ. അധ്യക്ഷത വഹിച്ചു. കെ.എസ്.സി.എസ്.ടി.ഇ. എക്‌സിക്യുട്ടീവ് വൈസ് പ്രസിഡന്റ് പ്രൊഫ. കെ.പി. സുധീർ, മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി. ദത്തൻ, കെ-ഡിസ്‌ക് മെമ്പർ സെക്രട്ടറി ഡോ. പി.വി. ഉണ്ണികൃഷ്ണൻ, ബി.ആർ.ഐ.സി. ആർ.ജി.സി.ബി. ഡയറക്ടർ ഡോ. ടി.ആർ. സന്തോഷ് കുമാർ, കെ.എസ്.സി.എസ്.ടി.ഇ. മെമ്പർ സെക്രട്ടറി പ്രൊഫ. എ. സാബു തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.



