കേരളത്തിന്റെ ‘നിധി’ ജാർഖണ്ഡിന് സ്വന്തം.. മാതാപിതാക്കൾ ഉപേക്ഷിച്ച കുഞ്ഞിനെ ജാര്‍ഖണ്ഡ് സിഡബ്ല്യൂസിക്ക് കൈമാറും..

മാതാപിതാക്കള്‍ ആശുപത്രിയില്‍ ഉപേക്ഷിച്ചുപോയ കുഞ്ഞ് ‘നിധി’ ജാര്‍ഖണ്ഡിലേയ്ക്ക് മടങ്ങി. ഇനി ജാര്‍ഖണ്ഡ് സിഡബ്ല്യൂസിയുടെ സംരക്ഷയിലാവും കുഞ്ഞ് വളരുക. അന്വേഷണ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കുഞ്ഞിനെ കൈമാറുന്നത്. ഉദ്യോഗസ്ഥര്‍ ട്രെയിന്‍ മാര്‍ഗം ജാര്‍ഖണ്ഡിലെത്തിയാണ് ശിശുക്ഷേമ സമിതി ഉദ്യോഗസ്ഥർക്ക് കുഞ്ഞിനെ കൈമാറുക. ആറ് മാസത്തോളം കേരള വനിത-ശിശുക്ഷേമ വകുപ്പിന്റെ പരിരക്ഷയിലാണ് കുഞ്ഞ് വളര്‍ന്നത്

കുട്ടിയെ സംരക്ഷിക്കാന്‍ മാതാപിതാക്കള്‍ക്ക് സാമ്പത്തിക പ്രാപ്തി ഇല്ല എന്നു വ്യക്തമായ സാഹചര്യത്തിലാണ് കുഞ്ഞിനെ ശിശുക്ഷേമ സമിതിയെ ഏല്‍പ്പിക്കുന്നത്. ജാര്‍ഖണ്ഡ് ശിശുക്ഷേമ സമിതി നല്‍കിയ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഇക്കാര്യം തീരുമാനിച്ചത്

കോട്ടയത്തെ ഫിഷ് ഫാമില്‍ ജോലി ചെയ്തിരുന്ന ജാര്‍ഖണ്ഡ് സ്വദേശികളായ ദമ്പതികള്‍ നാട്ടിലേക്ക് യാത്ര തിരിക്കുന്നതിനിടെ യുവതിക്ക് പ്രസവ വേദന അനുഭവപ്പെടുകയും ജനവരി 29 ന് എറണാകുളം ജനറല്‍ ആശുപത്രിയില്‍വെച്ച് കുഞ്ഞിന് ജന്മം നല്‍കുകയുമായിരുന്നു. പൂര്‍ണ്ണ വളര്‍ച്ച എത്താത്തതിനാല്‍ കുഞ്ഞിനെ സ്വകാര്യആശുപത്രിയിലേക്ക് മാറ്റി. പിന്നീട് കുഞ്ഞിനെ ഉപേക്ഷിച്ച് മാതാപിതാക്കള്‍ ജാര്‍ഖണ്ഡിലേക്ക് മടങ്ങുകയുമായിരുന്നു. തുടര്‍ന്ന് സര്‍ക്കാര്‍ കുഞ്ഞിനെ ഏറ്റെടുക്കുകയും ‘നിധി’ എന്ന് പേരിടുകയുമായിരുന്നു.

Related Articles

Back to top button