200 ദിവസങ്ങളിൽ 6 ക്രൂര കൊലപാതകങ്ങൾ….ആലപ്പുഴയെ നടുക്കിയ അരും കൊലകൾ…..

ആലപ്പുഴ∙ കഴിഞ്ഞ 200 ദിവസത്തിനിടെ 6 ക്രൂര കൊലപാതകങ്ങളുടെ വിവരങ്ങളാണ് ആലപ്പുഴ ജില്ലയിൽനിന്നു വന്നത്. എല്ലാ കൊലപാതകങ്ങൾക്കും ഒരേ സ്വഭാവം. കൊലപാതകത്തിന് ശേഷം മൃതദേഹം കുഴിച്ചുമൂടി. ഏറ്റവും ഒടുവിൽ നടന്ന അമ്പലപ്പുഴ കരൂരിലെ വിജയലക്ഷ്മിയുടെ കൊലപാതകമാണ് ജില്ലയെ നടുക്കിയത്. ആറു കൊലപാതക കേസുകളിലും പ്രതികളെ കൃത്യമായി വലയിലാക്കാൻ പൊലീസിന് സാധിച്ചുവെങ്കിലും തുടരെയുണ്ടാകുന്ന കൊലപാതകങ്ങളുടെയും അതിന് പിന്നിലെ ദുരൂഹതകളും ആലപ്പുഴ നിവാസികളുടെ ഉറക്കം കെടുത്തുകയാണ്. നവജാത ശിശുക്കൾ മുതൽ വയോധികർ വരെ നരാധമൻമാരുടെ ക്രൂരതയ്ക്ക് ഇരയായി.

ഏപ്രിൽ 18, പൂങ്കാവ് – റോസമ്മ കൊലപാതകം

പൂങ്കാവിൽ റോസമ്മയെന്ന അറുപതുകാരിയെ കൊലപ്പെടുത്തി വീടിനു പിന്നിൽ കുഴിച്ചുമൂടിയ സംഭവമാണ് ഈ വർഷം ആദ്യം ആലപ്പുഴയെ ഞെട്ടിച്ചത്. റോസമ്മയുടെ സഹോദരൻ ബെന്നിയായിരുന്നു ഈ ക്രൂരകൃത്യത്തിന് പിന്നിൽ. സ്വർണത്തിനു വേണ്ടിയാണ് കൊലപാതകം നടത്തിയതെന്ന് പൊലീസ് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. നേരത്തെ റോസമ്മയുടെ സ്വർണം പണയം വയ്ക്കാൻ ബെന്നി ആവശ്യപ്പെട്ടിരുന്നിരുന്നു. ഇതേച്ചൊല്ലി രണ്ടു പേരും തമ്മിൽ തർക്കമുണ്ടായി. തുടർന്ന് റോസമ്മയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തുകയായിരുന്നു. കൊലയ്ക്കു പിന്നാലെ മൃതദേഹത്തിൽനിന്നു സ്വർണം ഊരിമാറ്റി ഒളിപ്പിച്ചതും ഇതിലൊരു ഭാഗം പിറ്റേന്നു തന്നെ പണയം വച്ചതുമെല്ലാം സ്വർണത്തിനു വേണ്ടിയാണു കൊലപാതകം എന്നതിനെ സാധൂകരിക്കുന്ന തെളിവുകളാണെന്നാണ് പൊലീസ് പറയുന്നത്.

ജൂലൈ 2, മാന്നാർ – കല കൊലപാതകം

15 വർഷം മുൻപ് കാണാതായ മാന്നാർ സ്വദേശിനി കലയെ കൊലപ്പെടുത്തിയതാണെന്ന് അറിയിച്ച് പൊലീസിനു ലഭിച്ച ഊമക്കത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അന്വേഷണം ആരംഭിച്ചത്. അമ്പലപ്പുഴയ്ക്കടുത്തു കാക്കാലത്തുണ്ടായ ബോംബേറ് കേസുമായി ബന്ധപ്പെട്ടു രണ്ടുപേരെ അമ്പലപ്പുഴ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. അതിനു മുന്നോടിയായാണ് പൊലീസിന് ഊമക്കത്ത് ലഭിക്കുന്നത്. ബോംബേറ് കേസിലെ പ്രതികൾ‌ക്കു മാന്നാനത്ത് നിന്ന് 15 വർഷം മുൻപു കാണാതായ കലയുടെ കൊലപാതകവുമായി ബന്ധമുണ്ടെന്നും ഈ കാര്യം കൂടി അന്വേഷിക്കണമെന്നുമായിരുന്നു കത്തിലെ ഉള്ളടക്കം. ഇതിനെത്തുടർന്ന് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മൃതദേഹാവശിഷ്ടങ്ങൾ സെപ്റ്റിൽ ടാങ്കിൽനിന്ന് കണ്ടെത്തിയത്. കേസിൽ കലയുടെ ഭർത്താവ് അനിലിന്റെ ബന്ധുക്കളായ അഞ്ചു പേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. സോമൻ, സുരേഷ്, പ്രമോദ്, സന്തോഷ്, ജിനു രാജൻ എന്നിവരെയാണ് പൊലീസ് പിടികൂടിയത്. കലയുടെ ഭർത്താവ് അനിലാണ് കേസിലെ പ്രധാന പ്രതി. ഇയാൾ ഇസ്രയേലിലാണ്. ഇയാളും മറ്റു പ്രതികളും ചേർന്ന് കലയെ കൊന്ന് സെപ്റ്റിക് ടാങ്കിൽ കുഴിച്ചിട്ടെന്നാണ് അറസ്റ്റിലായവർ പൊലീസിനു മൊഴി നൽകിയത്. കലയെക്കുറിച്ചുള്ള അനിലിന്റെ സംശയമാണ് കൊലപാതകത്തിൽ കലാശിച്ചതെന്നാണ് പൊലീസ് നിഗമനം.

ഓഗസ്റ്റ് 11, തകഴി – നവജാത ശിശുവിന്റെ കൊലപാതകം

നവജാത ശിശുവിന്റെ മൃതദേഹം തകഴിയിലെ പാടശേഖരത്തിൽനിന്ന് ലഭിച്ചതായിരുന്നു മറ്റൊരു സംഭവം. പാണാവള്ളി പഞ്ചായത്ത് ആനമൂട്ടിൽച്ചിറയിൽ ഡോണ ജോജി (22) യായിരുന്ന കുഞ്ഞിനെ പ്രസവിച്ചത്. പ്രസവശേഷം കുഞ്ഞിനെ സുഹൃത്ത് തോമസ് ജോസഫിന് കൈമാറുകയായിരുന്നു. ഇയാളും സുഹൃത്ത് അശോകും ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം മറവ് ചെയ്തത്. രക്തസ്രാവവും വയറുവേദനയും മൂലം രണ്ടു ദിവസത്തിനു ശേഷം ഡോണ ചികിത്സ തേടി. പരിശോധനയിൽ പ്രസവ വിവരം പുറത്തായി. തുടർന്നു പൊലീസ് കേസെടുത്തു നടത്തിയ അന്വേഷണത്തിലാണു മറ്റു രണ്ടു പ്രതികൾ കൂടി അറസ്റ്റിലായത്. ഫൊറൻസിക് സയൻസ് കോഴ്സ് പൂർത്തീകരിച്ച ഡോണ കൊച്ചിയിൽ ജോലി ചെയ്യുകയായിരുന്നു. ജയ്പുരിലെ പഠനകാലത്താണ് ഡോണ അവിടെ ഹോട്ടൽ മാനേജ്മെന്റ് കോഴ്സിനു പഠിച്ചിരുന്ന തോമസ് ജോസഫുമായി പ്രണയത്തിലാകുന്നത്. പ്രസവിച്ചെങ്കിലും രഹസ്യമാക്കി വയ്ക്കുന്നതിനായി കുഞ്ഞിനെ വീട്ടിൽത്തന്നെ പലയിടത്തും പൊതിഞ്ഞുവച്ചിരുന്നെന്നും ഡോണ പൊലീസിന് മൊഴി നൽകിയിരുന്നു.

സെപ്റ്റംബർ 2, പള്ളിപ്പുറം – നവജാത ശിശുവിന്റെ കൊലപാതകം

പള്ളിപ്പുറത്ത് ചോരക്കുഞ്ഞിനെ കുഴിച്ചുമൂടിയ സംഭവമായിരുന്നു മറ്റൊന്ന്. തകഴിയിലെ നവജാതശിശുവിനെ പാടശേഖരത്തിൽ കണ്ടെത്തിയ സംഭവം നടന്ന് മൂന്നാഴ്ചക്കുള്ളിലായിരുന്നു ഈ കൊലപാതകവും. കുഞ്ഞിനെ പ്രസവിച്ച പള്ളിപ്പുറം പഞ്ചായത്ത് 17–ാം വാർഡ് കായിപ്പുറത്തു വീട്ടിൽ ആശ(35), സുഹൃത്ത് പള്ളിപ്പുറം രാജേഷാലയത്തിൽ രതീഷ് (39) എന്നിവർക്കെതിരെ കൊലക്കുറ്റത്തിനു കേസെടുത്തു. ആശയാണ് ഒന്നാം പ്രതി. വിവാഹേതര ബന്ധത്തിൽ ഉണ്ടായ കുഞ്ഞിനെ ഒഴിവാക്കാനായിരുന്നു കൊലപാതകം. ആശയിൽനിന്നു കുഞ്ഞിനെ ഏറ്റുവാങ്ങി സ്വന്തം വീട്ടിൽ കൊണ്ടുപോയാണു രതീഷ് ശ്വാസംമുട്ടിച്ചു കൊലപ്പെടുത്തിയതെന്നാണ് പൊലീസ് പറയുന്നത്. വിവാഹിതയും രണ്ടു കുട്ടികളുടെ അമ്മയുമായ ആശ ഓഗസ്റ്റ് 26 ന് ചേർത്തലയിലെ സ്വകാര്യ ആശുപത്രിയിലാണ് ആൺകുഞ്ഞിനെ പ്രസവിച്ചത്. 31 ന് ആശുപത്രി വിട്ടു. രണ്ടിന് ആശയെ തിരക്കി വീട്ടിലെത്തിയ ആശാ പ്രവർത്തകയോടു കുഞ്ഞിനെ ദത്ത് കൊടുത്തെന്നാണ് ആശ പറഞ്ഞത്. സംശയം തോന്നി അവർ പഞ്ചായത്ത് അധികൃതരെയും പൊലീസിനെയും വിവരമറിയിച്ചു. തുടർന്നുള്ള അന്വേഷണമാണു കൊലപാതക വിവരം പുറത്തുകൊണ്ടുവന്നത്.

സെപ്റ്റംബർ 10, കലവൂർ – സുഭദ്ര കൊലപാതകം

കൊച്ചി സ്വദേശി സുഭദ്ര(73)യെ കാണാതായെന്ന് കാണിച്ച് മകൻ നൽകിയ പരാതിയാണ് കൊലപാതക വിവരം പുറത്തെത്തിച്ചത്. ഒന്നാം പ്രതി കൊച്ചി മുണ്ടംവേലി നട്ടച്ചിറയിൽ ശർമിള(52), രണ്ടാംപ്രതി ഭർത്താവ് ആലപ്പുഴ കാട്ടൂർ പള്ളിപ്പറമ്പിൽ മാത്യൂസ്(നിഥിൻ–35) എന്നിവർ ചേർന്ന് ഓഗ്സ്റ്റ് 4ന് കലവൂരിലെ വാടകവീട്ടിലെത്തിച്ചാണ് സുഭദ്രയെ കൊലപ്പെടുത്തിയത്. പ്രതികൾ താമസിക്കുന്ന വീടിനു സമീപം കുഴിച്ചിട്ട നിലയിൽ ഇവരുടെ മൃതദേഹം കണ്ടെത്തുകയും ചെയ്തു. തലയണ മുഖത്ത് അമർത്തി ശ്വാസംമുട്ടിച്ചും പിന്നാലെ ഷാൾ ഉപയോഗിച്ചു കഴുത്തിൽ മുറുക്കിയുമായിരുന്നു കൊലപാതകം. സുഭദ്ര ധരിച്ചിരുന്ന സ്വർണാഭരണങ്ങൾ കരസ്ഥമാക്കാൻ വേണ്ടിയായിരുന്നു കൊലപാതകമെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. പ്രതികൾ പ്രതീക്ഷിച്ചത്ര സ്വർണം പക്ഷേ ലഭിച്ചില്ല. ആകെ കിട്ടിയത് 3 പവൻ. അരപ്പവനിൽ താഴെ തൂക്കമുള്ള 4 വളകൾ, മൂക്കുത്തി, മോതിരം, മാല എന്നിവയാണു സുഭദ്ര ധരിച്ചിരുന്നത്. ഇതിൽ മാല മുക്കുപണ്ടമായിരുന്നു.

നവംബർ 4, അമ്പലപ്പുഴ – വിജയലക്ഷ്മി കൊലപാതകം

അമ്പലപ്പുഴ കരൂരിലെ വിജയലക്ഷ്മിയുടെ കൊലപാതകമാണ് ഈ പരമ്പരയിലെ ഒടുവിലത്തേത്. കരുനാഗപ്പള്ളി സ്വദേശിനിയായ വിജയലക്ഷ്മിയെ (40), കൊലപ്പെടുത്തിയ വാർത്ത ഞെട്ടലോടെയാണ് കരൂർ നിവാസികൾ തിരിച്ചറിഞ്ഞത്. പ്രതി ജയചന്ദ്രനും (50) വിജയലക്ഷ്മിയും തമ്മിൽ അടുപ്പത്തിൽ ആയിരുന്നു. തുടർന്ന് നവംബർ 4ന് ഭാര്യയും മകനും ഇല്ലാത്ത സമയത്ത് വിജയലക്ഷ്മിയെ ജയചന്ദ്രൻ കരൂരിലെ വീട്ടിലെത്തിക്കുകയും ഇവിടെ വച്ചുണ്ടായ തർക്കത്തെ തുടർന്ന് വെട്ടുകത്തി കൊണ്ട് തലയ്ക്ക് വെട്ടിക്കൊലപ്പെടുത്തുകയുമായിരുന്നു. മൃതദേഹം രാത്രിയോടെ വീടിന് തൊട്ടുപിന്നിലെ പറമ്പിൽ കുഴിച്ചിട്ടു. തുടർന്ന് പൊലീസിനെ തെറ്റിദ്ധരിപ്പിക്കാനായി വിജയലക്ഷ്മിയുടെ ഫോൺ കണ്ണൂരിലേക്കുള്ള കെഎസ്ആർടിസി ബസിൽ ഉപേക്ഷിച്ചു. ഫോൺ എറണാകുളത്ത് വച്ച് ബസിലെ കണ്ടക്ടർക്ക് ലഭിച്ചതാണ് അന്വേഷണത്തിൽ വഴിത്തിരിവായത്. തുടർന്ന് ജയചന്ദ്രനെ പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ പ്രതി ‘ദൃശ്യം’ സിനിമ പത്ത് തവണ കണ്ടെന്ന് മൊഴി നൽകിയിരുന്നു.

Related Articles

Back to top button