കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക്?..

കേരള കോൺഗ്രസ് മാണി വിഭാഗം യുഡിഎഫിലേക്ക് വന്നാൽ സ്വാഗതം ചെയ്യുമെന്ന് മുസ്ലീം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി എം എ സലാം. അടിത്തറ വികസിപ്പിക്കണമെന്നാണ് യുഡിഎഫ് തീരുമാനമെന്നും യോജിക്കാൻ പറ്റുന്ന എല്ലാവരുമായി സഹകരിക്കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു

‘യുഡിഎഫിലേക്ക് ആര് വന്നാലും മെച്ചമാണ്.യുഡിഎഫിന്റെ അടിത്തറയാണ് വിപുലീകരിക്കുന്നത്. ആളുകൾ കൂടുതലാകുന്നത് എല്ലാംകൊണ്ടും നല്ലതാണ്. യുഡിഎഫിന്റെ ആശയങ്ങളുമായി യോജിക്കുന്ന, ജനാധിപത്യ, മതേതരത്വ ചിന്താഗതിയുള്ള എല്ലാ വിഭാഗങ്ങളെയും യുഡിഎഫ് സ്വീകരിക്കും.’- പി എം എ സലാം പറഞ്ഞു.

നിയമസഭാ തിരഞ്ഞെടുപ്പിന് പാർട്ടിയും മുന്നണിയും സജ്ജമാണെന്നും നിയമസഭ തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിനുള്ള മുസ്ലീംലീഗ് സ്ഥാനാർത്ഥികളെ ഫെബ്രുവരിയിൽ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ജനുവരിയിൽ യുഡിഎഫിന്റെ സീറ്റ് ചർച്ചകൾ പൂർത്തിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. തദ്ദേശ തിരഞ്ഞെടുപ്പ് സെമി ഫൈനലായിരുന്നു. അതിൽ അഭൂതപൂർവമായ വിജയമാണ് ലഭിച്ചത്. ഇനി ഫൈനലാണ്. മുസ്ലീംലീഗിന് കൂടുതൽ സീറ്റിന് അർഹതയുണ്ടെന്നാണ് പാണക്കാട് തങ്ങൾ പറഞ്ഞത്. ഇത് സംബന്ധിച്ച് യുഡിഎഫിൽ നല്ല രീതിയിലുള്ള ചർച്ച നടക്കും. വിജയസാധ്യത മാത്രം പരിഗണിച്ച് സീറ്റുകൾ വെച്ചുമാറാൻ സാധ്യതയുണ്ട്. കൂടുതൽ സീറ്റിന് അർഹതയുണ്ടെങ്കിലും യുഡിഎഫിൽ പ്രശ്നങ്ങൾ സൃഷ്ടിക്കാൻ ലീഗ് തയാറല്ലെന്നും അദ്ദേഹം അറിയിച്ചു.

Related Articles

Back to top button