അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകൾ ഉപേക്ഷിക്കും…ക്രിസ്മസ്– പുതുവത്സര ബംപർ ലോട്ടറിയുടെ സമ്മാനത്തുക..

ലോട്ടറി ഏജന്റുമാരുടെ വ്യാപക പ്രതിഷേധത്തെത്തുടർന്ന് ക്രിസ്മസ്– പുതുവത്സര ബംപർ ലോട്ടറിയുടെ സമ്മാനത്തുക വെട്ടിക്കുറയ്ക്കാനുള്ള തീരുമാനം സംസ്ഥാന സർക്കാർ പിൻവലിച്ചു. ക്രിസ്മസ്– പുതുവത്സര ബംപർ ലോട്ടറിയുടെ ആകെ സമ്മാനത്തുക 9.31 കോടി രൂപ വെട്ടിക്കുറയ്ക്കാനുള്ള വിജ്ഞാപനം റദ്ദാക്കി സമ്മാനത്തുകയും കമ്മിഷനും പുനഃസ്ഥാപിച്ചു. ഇതോടെ സമ്മാന തുകയിൽ മാറ്റം വരുത്തി അച്ചടിച്ച 12 ലക്ഷത്തോളം ടിക്കറ്റുകൾ ഉപേക്ഷിക്കേണ്ട അവസ്ഥയാണ്.

ഈ മാസം അഞ്ചിനു പൂജാ ബംപർ നറുക്കെടുപ്പിനു പിന്നാലെയാണ് ക്രിസ്മസ്– പുതുവത്സര ബംപർ വിപണിയിലെത്തേണ്ടിയിരുന്നത്. സമ്മാനത്തുകയിലും കമ്മീഷനിലും മാറ്റം വരുത്താൻ ലോട്ടറി വകുപ്പ് തീരുമാനിച്ചതാണ് പ്രതിസന്ധി സൃഷ്ടിച്ചത്. ഇതോടെ ഏജന്റുമാർ പ്രതിഷേധമറിയിച്ച് രം​ഗത്തെത്തി. ഇതേതുടർന്ന് ഈ മാസം അഞ്ചിനു വിപണിയിലെത്തേണ്ടിയിരുന്ന ക്രിസ്മസ് ബംപർ ലോട്ടറി ഇപ്പോഴും ഇറക്കാനായിട്ടില്ല.

5000, 2000, 1000 രൂപ സമ്മാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ച് ഈ മാസം നാലിനു സർക്കാർ ഇറക്കിയ വിജ്ഞാപനമാണ് പ്രശ്നങ്ങൾക്കു വഴിവച്ചത്. സമ്മാനത്തുകയിലെ കുറവിനു പുറമേ ഏജന്റുമാർക്കുള്ള കമ്മിഷനും 93.16 ലക്ഷം രൂപ വെട്ടിച്ചുരുക്കി. ഇത്തരത്തിൽ 30 ലക്ഷം ടിക്കറ്റ് അച്ചടിക്കാൻ ഓർഡറും നൽകി. ഇതോടെയാണ് പ്രതിസന്ധി ഉടലെടുത്തത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയിൽ നട്ടംതിരിയുമ്പോഴാണ് പ്രധാന വരുമാന സ്രോതസ്സുകളിലൊന്നായ ബംപർ ടിക്കറ്റിന്റെ വിതരണം സർക്കാർ തന്നെ അവതാളത്തിലാക്കിയത്.

പ്രതിഷേധമുയർന്നതോടെ, സമ്മാനത്തുക കുറച്ചതിനെതിരെ ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ ലോട്ടറി ഡയറക്ടർക്കു കത്തയച്ചു. സമ്മാനഘടനയിൽ വരുത്തിയ മാറ്റങ്ങൾ ആകർഷകമല്ലെന്നു മനസ്സിലാക്കിയതോടെയാണ് പിൻവലിക്കണമെന്ന് കത്തു നൽകിയതെന്ന് ലോട്ടറി തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ടി.ബി.സുബൈർ വ്യക്തമാക്കി. ഒടുവിൽ കഴിഞ്ഞ ക്രിസ്മസ് ബംപറിന്റെ അതേ സമ്മാനഘടനയിൽ വീണ്ടും ടിക്കറ്റുകൾ അച്ചടിക്കാൻ കഴിഞ്ഞ വ്യാഴാഴ്ച സർക്കാർ പുതിയ വിജ്ഞാപനമിറക്കി. അപ്പോഴേക്കും അച്ചടിച്ചുപോയ 12 ലക്ഷത്തോളം ടിക്കറ്റുകൾ വിപണിയിലിറക്കേണ്ടെന്നും തീരുമാനിച്ചു. ടിക്കറ്റിന്റെ പിന്നിൽ സമ്മാനഘടനയുടെ വിശദാംശങ്ങളുള്ളതിനാൽ അതിനകം അച്ചടിച്ചവ ഉപേക്ഷിക്കാതെ വഴിയില്ലായിരുന്നു. എത്രയും വേഗം അച്ചടി പൂർത്തിയാക്കി പുതിയ ടിക്കറ്റ് ഇറക്കാനുള്ള തീവ്ര ശ്രമത്തിലാണു ലോട്ടറി ഡയറക്ടറേറ്റ്.

അച്ചടിച്ച ടിക്കറ്റ് ഉപേക്ഷിച്ചതിന്റെ സാമ്പത്തിക ബാധ്യതയ്ക്കു പുറമേ, 10 ദിവസത്തിലധികം വൈകി ടിക്കറ്റ് വിപണിയിലിറക്കുന്നതിന്റെ വരുമാനനഷ്ടവും സംസ്ഥാനത്തിനു നേരിടേണ്ടിവരും. മറ്റു സംസ്ഥാനങ്ങളിൽനിന്നെത്തുന്ന ശബരിമല തീർഥാടകർക്കിടയിൽ വിൽപനയ്ക്കുള്ള വിലപ്പെട്ട സമയവും നഷ്ടമായി. 20 കോടി രൂപയാണ് ക്രിസ്മസ്– പുതുവത്സര ബംപർ ലോട്ടറിയുടെ ഒന്നാം സമ്മാനം. 400 രൂപ ടിക്കറ്റ് വിലയുള്ള ലോട്ടറിയുടെ ഏറ്റവും കുറഞ്ഞ സമ്മാനത്തുകയും 400 രൂപയാണ്. 10 സീരീസുകളിൽ ടിക്കറ്റുണ്ട്. ഫെബ്രുവരി അഞ്ചിനാണ് നറുക്കെടുപ്പ്. അതേസമയം, ടിക്കറ്റ് ഇറക്കാൻ വൈകുന്നതുമൂലം വരുമാന നഷ്ടമുണ്ടാകില്ലെന്ന് ലോട്ടറി വകുപ്പ് ഡയറക്ടർ എസ്.ഏബ്രഹാം റെൻ പറഞ്ഞു. ടിക്കറ്റ് ഉടൻ ഇറക്കും. തുടർന്നുള്ള ദിവസങ്ങളിലെ വിൽപനയിലൂടെ പ്രശ്നം മറികടക്കാമെന്നും അദ്ദേ​ഹം വ്യക്തമാക്കി.

Related Articles

Back to top button