ബിജെപിക്ക് കളമൊരുക്കാൻ ക്രിസ്ത്യൻ നേതാക്കൾ… കേരളത്തിൽ പുതിയ ഒരു രാഷ്ട്രീയ പാർട്ടികൂടി?..

മുന്‍ എംഎല്‍എയും കേരള കോണ്‍ഗ്രസ് മുന്‍ ചെയര്‍മാനുമായ ജോര്‍ജ് ജെ മാത്യുവിന്റെ നേതൃത്വത്തിൽ മധ്യകേരളത്തിലെ ക്രൈസ്തവ മേഖലയില്‍ ബിജെപി അനുകൂല രാഷ്ട്രീയ നിലപാടുമായി പുതിയ പാര്‍ട്ടി രൂപീകരിക്കാന്‍ നീക്കം നടക്കുന്നു എന്ന വാർത്ത പുറത്തു വന്നിരുന്നു. ഇതിന് പിന്നാലെ, കേരള ഫാർമേസ് ഫെഡറേഷന്റെ സമ്മേളനത്തിൽ ബിജെപി അനുകൂല ക്രിസ്ത്യൻ പാർട്ടി രൂപീകരണ തീരുമാനം ഉണ്ടാകില്ലെന്ന് മുൻ എംഎൽഎ ജോർജ് ജെ മാത്യു പറഞ്ഞു. ഉദ്ഘാടകനായ മാർ ജോർജ് ആലഞ്ചേരി പങ്കെടുക്കില്ല. പാർട്ടി രൂപികരണമെന്ന തരത്തിൽ തെറ്റിധരിപ്പിക്കുന്ന വാർത്ത പ്രചരിച്ചതിനാൽ കർദ്ദിനാൾ പരിപാടി ഒഴിവാക്കിയതായി സംഘാടകർ വ്യക്തമാക്കി.

കേരളാ ഫാർമേഴ്‌സ് ഫെഡറേഷൻ സമ്മേളനം വെള്ളിയാഴ്ച കോട്ടയത്ത് ആരംഭിച്ചു. കേരളാ കോൺഗ്രസ് മുൻ ചെയർമാൻ ജോർജ് ജെ മാത്യു, മുൻ എംഎൽഎ പി എം മാത്യു, ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി തുടങ്ങിയവർ സമ്മേളനത്തിൽ പങ്കെടുത്തു.

കേരളാ അവകാശ സംരക്ഷണ സംഗമം എന്ന പേരിലാണ് സമ്മേളനം. പാർട്ടി രൂപീകരണം സംബന്ധിച്ച വാർത്ത തെറ്റാണെന്നും കർഷക സംഗമം മാത്രമാണ് നടക്കുന്നതെന്നും ജോർജ് ജെ മാത്യു വ്യക്തമാക്കി.

അതേസമയം,തദ്ദേശ, നിയമസഭാ തിരഞ്ഞെടുപ്പുകള്‍ അടുത്തിരിക്കെ മുനമ്പം വിഷയമടക്കം ഉയര്‍ത്തി ന്യൂനപക്ഷവോട്ടുകള്‍ സമാഹരിക്കാന്‍ ബിജെപി നടത്തുന്ന ശ്രമങ്ങളുടെ ഭാഗമാണ് ഈ നീക്കമെന്ന റിപ്പോർട്ടുകളും പുറത്തു വരുന്നു.ഇതിനിടെ പാര്‍ട്ടി നേതൃത്വങ്ങളോട് ഇടഞ്ഞുനില്‍ക്കുന്ന യൂത്ത് കോണ്‍ഗ്രസ്, എസ്എഫ്ഐ നേതാക്കള്‍ കഴിഞ്ഞദിവസങ്ങളില്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു.

യൂത്ത്കോണ്‍ഗ്രസ് മുന്‍ സംസ്ഥാന സെക്രട്ടറിയും കഴിഞ്ഞ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുമായിരുന്ന അഡ്വ.ഷൈന്‍ലാലും 20 കെ.എസ്.യു,യൂത്ത് കോണ്‍ഗ്രസ് നേതാക്കളുമാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്.എസ്.എഫ്.ഐ തിരുവനന്തപുരം മുന്‍ ജില്ലാപ്രസിഡന്റും സംസ്ഥാന വൈസ് പ്രസിഡന്റുമായിരുന്ന ഗോകുല്‍ ഗോപിനാഥും കഴിഞ്ഞദിവസം ബി.ജെ.പിയില്‍ ചേര്‍ന്നു.

സി.പി.എം കുടപ്പനക്കുന്ന് ലോക്കല്‍കമ്മിറ്റി അംഗവും മണ്ണടി ബ്രാഞ്ച് സെക്രട്ടറിയുമാണ് ഗോകുല്‍ ഗോപിനാഥ് . 2021 മുതല്‍ 23 വരെ എസ്.എഫ്.ഐ ജില്ലാ സെക്രട്ടറിയും സംസ്ഥാന വൈസ് പ്രസിഡന്റമായിരുന്നു. കേരള യൂണിവേഴ്‌സിറ്റി സെനറ്റ്, സിന്‍ഡിക്കേറ്റ് അംഗമായി പ്രവര്‍ത്തിച്ചിട്ടുണ്ട്. എന്നാല്‍ ഗോകുല്‍ ഗോപിനാഥിനെ നേരത്തെ പുറത്താക്കിയതാണെന്ന് സി.പി.എം അറിയിച്ചു.

Related Articles

Back to top button