സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണത്തിനെതിരെ കേരളം, നിയമസഭയിൽ ഇന്ന് പ്രമേയം..
സംസ്ഥാനത്ത് സമഗ്ര വോട്ടർ പട്ടിക പരിഷ്‌ക്കരണം നടപ്പാക്കാനുള്ള നീക്കത്തിന് എതിരെ നിയമസഭ പ്രമേയം പാസാക്കും. മുഖ്യമന്ത്രി പിണറായി വിജയനാകും പ്രമേയം അവതരിപ്പിക്കുക. പ്രതിപക്ഷത്തിന്റെ പിന്തുണയോടെയാണ് പ്രമേയം കൊണ്ട് വരുന്നത്. ഇതു സംബന്ധിച്ച കരട് നേരത്തെ തന്നെ തയ്യാറാക്കി ചർച്ചകൾക്ക് ശേഷമാണ് ഇന്ന് പ്രമേയം അവതരിപ്പിക്കുന്നത്.
സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിന്റെ ഒന്നാം ഘട്ട നടപടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ സംസ്ഥാനത്ത് ആരംഭിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പരിഷ്‌ക്കരണത്തിനെതിരെ നിയമസഭാ ഐക്യകണ്ഠന പ്രമേയം പാസാക്കാന്‍ ഒരുങ്ങുന്നത്. പരിഷ്‌ക്കരണം മൂലം ഉണ്ടാകാന്‍ പോകുന്ന ബുദ്ധിമുട്ടുകള്‍ സംബന്ധിച്ച് സഭയില്‍ വിശദമായ ചര്‍ച്ച പ്രമേയത്തില്‍മേല്‍ നടക്കും. സമഗ്ര വോട്ടര്‍ പട്ടിക പരിഷ്‌ക്കരണം ഉണ്ടാകുന്ന സാങ്കേതിക ബുദ്ധിമുട്ടുകള്‍ നേരത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ ധരിപ്പിച്ചിരുന്നു.
അതേസമയം, തദ്ദേശ തെരഞ്ഞെടുപ്പിന് മുന്നോടിയായി വോട്ടര്‍മാര്‍ക്ക് സവിശേഷ തിരിച്ചറിയല്‍ നമ്പര്‍ നല്‍കി വോട്ടര്‍പട്ടിക പുതുക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ കഴിഞ്ഞ ദിവസം അറിയിച്ചിരിുന്നു. ഇതിനുള്ള കരട് വോട്ടര്‍പട്ടിക സെപ്റ്റംബര്‍ 29 ന് പ്രസിദ്ധീകരിക്കും. അന്തിമ വോട്ടര്‍പട്ടിക ഒക്ടോബര്‍ 25നും പ്രസിദ്ധീകരിക്കും എന്നാണ് തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചിരിക്കുന്നത്.