നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും; പരസ്പരം ആക്രമിക്കാൻ ഇരുപക്ഷത്തിനുമുള്ളത് നിരവധി വിഷയങ്ങൾ
നിയമസഭാ സമ്മേളനത്തിന് ഇന്നു തുടക്കമാകും. 12 ദിവസമാണ് ഇക്കുറി സഭ സമ്മേളിക്കുന്നത്. പരസ്പരം ആക്രമിക്കാനുള്ള നിരവധി വിഷയങ്ങളുമായാണ് ഭരണപക്ഷവും പ്രതിപക്ഷവും ഇക്കുറി സഭയിലെത്തുക. അതുകൊണ്ട് തന്നെ ഇത്തവണത്തെ നിയമസഭാ സമ്മേളനം പ്രക്ഷുബ്ധമാകും എന്നുറപ്പാണ്.
ഇന്നു മുതൽ 19 വരെ, 29, 30, ഒക്ടോബർ ആറു മുതൽ 10 വരെ എന്നിങ്ങനെ 12 ദിവസമാണ് സഭ ചേരുക. മുൻ മുഖ്യമന്ത്രി വി.എസ്.അച്യുതാനന്ദൻ, മുൻ സ്പീക്കർ പി.പി.തങ്കച്ചൻ, പീരുമേട് നിയമസഭാംഗമായ വാഴൂർ സോമൻ എന്നിവർക്കുള്ള ചരമോപചാരം മാത്രമാണ് ഇന്നത്തെ നടപടി. ആകെ 13 ബില്ലുകളാണ് ഈ സമ്മേളന കാലയളവിൽ സഭയുടെ പരിഗണനയ്ക്കെത്തുക. പൊതുവിൽപന നികുതി ഭേദഗതി ബിൽ, സംഘങ്ങൾ റജിസ്ട്രേഷൻ ബിൽ, ഗുരുവായൂർ ദേവസ്വം ഭേദഗതി ബിൽ, കയർ തൊഴിലാളി ക്ഷേമ സെസ് ഭേദഗതി ബിൽ എന്നിവയ്ക്കു പുറമേ വനം വന്യജീവി സംരക്ഷണ ബിൽ അടക്കം മറ്റു ചില ബില്ലുകളും അവതരിപ്പിക്കാനുള്ള ഒരുക്കത്തിലാണ് സർക്കാർ. സിലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയച്ചിരുന്ന പൊതുരേഖ ബില്ലും പരിഗണിക്കും. പിഎസ്‌സി (സർവകലാശാലകളുടെ കീഴിലുള്ള സർവീസുകളെ സംബന്ധിച്ച കൂടുതൽ ചുമതലകൾ) ഭേദഗതി ഓർഡിനൻസിനു പകരമുള്ള ബില്ലും പാസാക്കും.
ലൈംഗികാരോപണങ്ങളിൽപെട്ട രാഹുൽ മാങ്കൂട്ടത്തിൽ തന്നെയാകും സഭയിലെ പ്രധാന ചർച്ചാവിഷയം. രാഹുൽ സമ്മേളനത്തിൽ പങ്കെടുക്കുമോ ഇല്ലയോ എന്ന കാര്യത്തിൽ ഇനിയും വ്യക്തതയില്ല. രാഹുലിനെ കോൺഗ്രസ് സസ്പെൻഡ് ചെയ്തെങ്കിലും എംഎൽഎ സ്ഥാനം രാജിവയ്ക്കണമെന്ന ആവശ്യം ഭരണപക്ഷം ഉയർത്താം. ലൈംഗികാരോപണ കേസുകളിൽ പ്രതികളായ ഭരണപക്ഷ എംഎൽഎമാരെ ചൂണ്ടിക്കാട്ടിയാകും ഈ വിഷയത്തിൽ യുഡിഎഫ് പ്രതിരോധം തീർക്കുക.
അനുദിനം പുറത്തുവരുന്ന പൊലീസ് വേട്ടയുടെ കഥകളാണു പ്രതിപക്ഷത്തിന്റെ പ്രധാന ആയുധം. ഇതുവരെ പ്രതികരിക്കാത്ത മുഖ്യമന്ത്രിയെക്കൊണ്ട് സഭയിൽ മറുപടി പറയിക്കാനാവും ശ്രമം. കഴിഞ്ഞ സമ്മേളനത്തിലേതു പോലെ പ്രതിപക്ഷത്തിന്റെ മിക്ക അടിയന്തര പ്രമേയങ്ങളും ചർച്ച ചെയ്തേക്കാമെന്ന നിലപാട് സർക്കാർ സ്വീകരിക്കുമോയെന്നു കാത്തിരുന്നുകാണണം. വയനാട്ടിലെ കോൺഗ്രസ് നേതാക്കളുടെ ആത്മഹത്യ ഭരണപക്ഷം ഉന്നയിക്കും. തദ്ദേശ തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള അവസാനത്തെ നിയമസഭാ സമ്മേളനമാണിത്.
ആരോഗ്യ വകുപ്പിനെതിരായ ആരോപണങ്ങൾ, വോട്ടർപട്ടിക പരിഷ്കരണം, ജിഎസ്ടി നിരക്കു മാറ്റം, കെ.ടി.ജലീൽ–പി.കെ.ഫിറോസ് പോര്, സിവിൽ സർവീസ് ഉദ്യോഗസ്ഥർക്കെതിരായ നടപടികൾ തുടങ്ങിയവയൊക്കെ ചർച്ചയ്ക്കെത്താം. നിലമ്പൂർ സീറ്റ് യുഡിഎഫ് പിടിച്ചെടുക്കുകയും പീരുമേട് എംഎൽഎ വാഴൂർ സോമൻ അന്തരിക്കുകയും ചെയ്തതോടെ സഭയിൽ ഇപ്പോഴത്തെ കക്ഷിനില എൽഡിഎഫ് 97, യുഡിഎഫ് 42 എന്നിങ്ങനെയാണ്. രണ്ടാം പിണറായി സർക്കാർ ഭരണത്തിലെത്തുമ്പോൾ 99–41 ആയിരുന്നു സീറ്റുനില.
രാഹുൽ മാങ്കൂട്ടത്തിൽ സഭയിലെത്തുന്ന കാര്യത്തിൽ കോൺഗ്രസ് നേതൃത്വം ഇപ്പോഴും അഭിപ്രായ ഐക്യത്തിലെത്തിയിട്ടില്ല. വിട്ടുനിൽക്കുന്നതാണ് ഉചിതമെന്നാണ് പ്രതിപക്ഷ നേതാവ് വി.ഡി.സതീശനടക്കമുള്ളവരുടെ നിലപാട്. എന്നാൽ, പ്രാഥമികാംഗത്വത്തിൽനിന്നു സസ്പെൻഡ് ചെയ്യപ്പെട്ട രാഹുലിന്റെ കാര്യങ്ങൾ പാർട്ടി നോക്കേണ്ടതില്ലെന്നും സഭയിലെത്തണോയെന്നു രാഹുൽ തീരുമാനിക്കട്ടേയെന്നും മറുഭാഗം ചൂണ്ടിക്കാട്ടുന്നു. സമ്മേളനത്തിൽനിന്നു പൂർണമായി വിട്ടുനിൽക്കാനാണു രാഹുലിന്റെ തീരുമാനമെങ്കിൽ അവധി അപേക്ഷ സ്പീക്കർ സഭയിൽ വായിക്കും. ഒരു ദിവസമെങ്കിലും ഹാജരായാൽ, തുടർന്ന് അവധിയിൽ പോകാൻ ഇതിന്റെ ആവശ്യമില്ല.
അതേസമയം, നിയമസഭയിൽ പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ എത്തിയാൽ സീറ്റ് യുഡിഎഫ് പക്ഷത്തുനിന്ന് പ്രത്യേക ബ്ലോക്കിലേക്കു മാറ്റും. കോൺഗ്രസ് പാർലമെന്ററി പാർട്ടിയിൽനിന്നു രാഹുലിനെ പുറത്താക്കിയെന്നറിയിച്ചുള്ള പ്രതിപക്ഷനേതാവ് വി.ഡി.സതീശന്റെ കത്ത് കണക്കിലെടുത്താണ് തീരുമാനമെന്ന് സ്പീക്കർ എ.എൻ.ഷംസീർ വ്യക്തമാക്കി. പ്രതിപക്ഷത്തെ അംഗങ്ങൾ കഴിഞ്ഞ് അടുത്ത സീറ്റിലേക്കാണു രാഹുലിന്റെ സ്ഥാനം മാറ്റുക. രാഹുലിൽനിന്ന് അവധി അപേക്ഷയോ മറ്റ് അറിയിപ്പുകളോ ലഭിച്ചിട്ടില്ലെന്നും സ്പീക്കർ പറഞ്ഞു.