നടി ആക്രമിക്കപ്പെട്ട കേസിലെ വിധിപകര്‍പ്പ് പുറത്ത്.. ‘പണം വാങ്ങിയതിന് തെളിവില്ല, ഫോണ്‍ വിളിയിലും സംശയം’…

നടി ആക്രമിക്കപ്പെട്ട കേസില്‍ പള്‍സര്‍ സുനിയുള്‍പ്പെടെയുള്ള ആറ് പ്രതികളുമായി എട്ടാം പ്രതിയായിരുന്ന നടന്‍ ദിലീപിനെ ബന്ധിപ്പിക്കാന്‍ മതിയായ തെളിവുകള്‍ ഹാജരാക്കുന്നതില്‍ പ്രോസിക്യൂഷൻ പരാജയപ്പെട്ടെന്ന് വിചാരണ കോടതി. ആറ് പ്രതികള്‍ക്ക് 20 വര്‍ഷം ശിക്ഷ വിധിച്ചുകൊണ്ടുള്ള വിധി പകര്‍പ്പിലാണ് ഇക്കാര്യം ചൂണ്ടിക്കാട്ടുന്നത്. ദിലീപിന്റെ കൊട്ടേഷനാണ് പ്രതികള്‍ നടപ്പാക്കിയത് എന്ന വാദം പൂര്‍ണമായും തള്ളുന്നതാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി പുറപ്പെടുവിച്ച വിധി. ആകാശം ഇടിഞ്ഞുവീണാലും നീതി നടക്കട്ടെ എന്ന വാചകത്തോടെയാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി ന്യായം തയ്യാറാക്കിയിരിക്കുന്നത്.
കേസില്‍ ഗൂഢാലോചന നടന്നതിന് തെളിവ് അപര്യാപതമാണെന്നും എട്ടാം പ്രതിയായ ദിലീപ് പണം നല്‍കിയതിന് തെളിവില്ലെന്നും വിധി ഉത്തരവില്‍ പറയുന്നു. ജയിലിനുള്ളിലെ ഫോൺ വിളിയിലും കോടതി സംശയം ഉന്നയിക്കുന്നു. തെളിവ് ഇല്ലെങ്കിലും അറസ്റ്റ് അന്യായമല്ലെന്നും അന്വേഷണ സംഘം ദിലീപിനെ അറസ്റ്റ് ചെയ്തതിൽ തെറ്റില്ലെന്നും കോടതി നിരീക്ഷിച്ചു. അന്ന് ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തിലായിരുന്നു ദിലീപിന്‍റെ അറസ്റ്റ്. എന്നാൽ സുനിയും ദിലീപും ഗൂഢാലോചന നടത്തിയെന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ലെന്നാണ് കോടതി ഉത്തരവില്‍ പറയുന്നത്.
ഗൂഢാലോചന നടന്നു എന്ന് പറയുന്നത് 2013 ലാണ്. എന്നാല്‍, 2017 ലാണ് കുറ്റകൃത്യം നടന്നത്. രണ്ട് വർഷവും തമ്മിൽ വ്യത്യാസമുണ്ടെന്ന് കോടതി നിരീക്ഷിച്ചു. ദിലീപ് അറസ്റ്റിന് ശേഷവും ഫോൺ ഉപയോഗിച്ചു, അത് എങ്ങനെയെന്ന് കോടതി ചോദിക്കുന്നു. അതിൽ തൃപ്തികരമായ വിശദീകരണം നൽകാൻ പൊലീസിന് കഴിഞ്ഞില്ല. ദിലീപിനെ പൂട്ടണം എന്ന വാട്സാപ്പ് ഗ്രൂപ്പ് ഉണ്ടാക്കിയതിൽ ദിലീപിന് പങ്കുണ്ടെന്ന് തെളിയിക്കാനും പ്രോസിക്യൂഷന് കഴിഞ്ഞില്ല. 2013ൽ തന്നെ ഗൂഢാലോചന നടന്നു എന്ന് തെളിയിക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞില്ല. എന്നിങ്ങനെ അന്വേഷണസംഘത്തിന്റെ വീഴ്ചകൾ എണ്ണിയെണ്ണിപ്പറഞ്ഞാണ് കോടതി വിധി.




