മരിച്ച മലയാളികളിൽ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസുള്ള കുട്ടിയും.. കെനിയയിൽ ദുരന്തമായി വിനോദ യാത്ര.. അനുശോചനം അറിയിച്ച് പിണറായി…
കെനിയയില്‍ വാഹനാപകടത്തില്‍ മരിച്ച മലയാളികളില്‍ 18 മാസം പ്രായമായ കുഞ്ഞും എട്ട് വയസ് പ്രായമുള്ള കുട്ടിയും. മരിച്ചവരുടെ സ്ഥലവും പേരും വയസും പുറത്ത് വിട്ടിട്ടുണ്ട്. പാലക്കാട് നിന്നുള്ള റിയ ആന്‍ (41), ടൈറ റോഡ്രിഗ്സ് (8), തൃശൂരില്‍ നിന്നുള്ള ജസ്ന കുട്ടിക്കാട്ടുചാലില്‍ (29), മകള്‍ റൂഫി മെഹറിന് മുഹമ്മദ് (18 മാസം), തിരുവനന്തപുരത്ത് നിന്നുള്ള ഗീത ഷോജി ഐസക് (58) എന്നിവരാണ് മരിച്ചത്.ഖത്തറില്‍ നിന്നും കെനിയയിലേക്ക് വിനോദ യാത്ര പോയ ഇന്ത്യന്‍ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍ പെട്ട് അഞ്ച് മലയാളികളടക്കം ആറ് പേര്‍ക്കാണ് ജീവന് നഷ്ടപ്പെട്ടത്. വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയിലായിരുന്നു അപകടം.
അതേസമയം ബസ് അപകടത്തില്‍ മരണമടഞ്ഞ മലയാളികളുടെ വിയോഗത്തില്‍ മുഖ്യമന്ത്രി പിണറായി വിജയൻ അനുശോചനം രേഖപ്പെടുത്തി.പരിക്കേറ്റ മലയാളികള്‍ ഉള്‍പ്പെടെയുളള ഇന്ത്യന്‍ പൗരന്മാരെ നെയ്റോബിയിലെ ആശുപത്രികളിലേയ്ക്ക് മാറ്റുമെന്ന് ലോക കേരള സഭാംഗങ്ങള്‍ അറിയിച്ചിട്ടുണ്ട്. നിലവില്‍ നെഹ്റൂറുവിലെ ആശുപത്രികളില്‍ കഴിയുന്ന പരിക്കേറ്റവരെ രാത്രിയോടെ റോഡു മാര്‍ഗമോ എയര്‍ ആംബുലന്‍സിലോ നെയ്റോബിയിലെത്തിക്കാനാകുമെന്നും അപകടത്തില്‍ മരണപ്പെട്ടവരുടെ ഭൗതികശരീരങ്ങളും നെയ്റോബിയിലേക്ക് കൊണ്ടുപോകുമെന്നും ലോക കേരള സഭ അറിയിച്ചു.
നെയ്റോബിയിലെ നക്റൂ, അഗാക്കാന്‍ ആശുപത്രികളില്‍ പരിക്കേറ്റവര്‍ക്ക് ചികിത്സ ലഭ്യമാക്കുമെന്നും മലയാളി അസോസിയേഷനും ലോകകേരളസഭാംഗങ്ങളും അറിയിച്ചിട്ടുണ്ട്. കേരളീയര്‍ക്ക് സഹായവും സേവനങ്ങളും വിവരങ്ങളും ലഭ്യമാക്കുന്നതിനായി നോര്‍ക്ക ഗ്ലോബല്‍ കോണ്ടാക്ട് സെന്ററിന്റെ ഹെല്‍പ്പ് ഡെസ്കിലേയ്ക്ക് 18004253939 (ടോള്‍ ഫ്രീ നമ്പര്‍, ഇന്ത്യയില്‍ നിന്നും ), +91-8802012345 (മിസ്ഡ് കോള്‍, വിദേശത്തു നിന്നും) എന്നീ നമ്പരുകളില്‍ ബന്ധപ്പെടാവുന്നതാണ്.