സര്‍ക്കാരിന് തിരിച്ചടി.. കീം ഫലം റദ്ദാക്കി ഹൈക്കോടതി…
കേരള സിലബസ് വിദ്യാർഥികൾക്ക് തിരിച്ചടി.കീം പരീക്ഷാഫലം റദ്ദാക്കി. ഹൈക്കോടതിയാണ് പരീക്ഷാഫലം റദ്ദാക്കിയത്. കഴിഞ്ഞയാഴ്ച പ്രസിദ്ധീകരിച്ച ഫലമാണ് റദ്ദാക്കിയിരിക്കുന്നത്. പ്രോസ്പക്ടസ് ചോദ്യം ചെയ്തുള്ള ഹര്‍ജിയിലാണ് നടപടി.
പരീക്ഷയുടെ പ്രോസ്പെക്ടസ് പുറത്തിറക്കിയശേഷം വെയിറ്റേജ് മാറ്റിയത് നിയമപരമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നടപടി. ജസ്റ്റീസ് ഡി കെ സിങ്ങിന്‍റേതാണ് ഉത്തരവ്.പ്രവേശന നടപടി തുടങ്ങാൻ ഇരിക്കെയാണ് ഇത്തരത്തിലൊരു തിരിച്ചടി.
കേരള സിലബസിലെ പ്ലസ് ടു വിദ്യാർത്ഥികൾക്ക് മാർക്ക് കുറയാത്ത രീതിയിലുള്ള ഫോർമുലയാണ് ഇത്തവണ മുതൽ നടപ്പാക്കി റാങ്ക് പ്രസിദ്ധീകരിച്ചത്. മാർക്ക് ഏകീകരണത്തിൽ വിദഗ്ധ സമിതി നൽകിയ ശുപാർശ മന്ത്രിസഭ അംഗീകരിച്ചതോടെയാണ് ഫലം പുറത്തുവന്നത്. ശുപാർശകളിൽ സർക്കാർ അന്തിമ തീരുമാനമെടുക്കാതിരുന്നതോടെ കീം ഫലം വൈകിയിരുന്നു. സംസ്ഥാന സിലബസില്‍ പഠിച്ച വിദ്യാര്‍ഥികള്‍ക്ക് മാര്‍ക്ക് നഷ്ടപ്പെടാത്ത വിധം തമിഴ്‌നാട് മാതൃകയിൽ മാര്‍ക്ക് ഏകീകരണം നടപ്പാക്കാൻ മന്ത്രിസഭായോഗം തീരുമാനിക്കുകയായിരുന്നു.



