എറണാകുളം- ബെംഗളൂരു വന്ദേഭാരത് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണം.. റെയിൽവേ മന്ത്രിക്ക് കത്ത് നൽകി..

ആലപ്പുഴ: പുതിയതായി ആരംഭിക്കുന്ന എറണാകുളം – ബെംഗളൂരു വന്ദേഭാരത് എക്സ്പ്രസ്സ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന് എഐസിസി ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ എംപി. നവംബർ പകുതിയോടെയാണ് കേരളത്തിൽ പുതുതായി മറ്റൊരു വന്ദേഭാരത് എക്സ്പ്രസ്സ് കൂടിയെത്തുന്നത്. കേരളത്തിൽ നിന്ന് ബംഗളൂരുവിലേക്ക് സർവീസ് നടത്തുന്ന ഏക വന്ദേ ഭാരത് എക്‌സ്പ്രസാണിത്. ഈ സർവീസ് തിരുവനന്തപുരം വരെ നീട്ടിയാൽ അതിന്റെ പ്രയോജനം എറണാകുളം മുതൽ തെക്കോട്ടുള്ള ജില്ലക്കാർക്ക് കൂടി ലഭ്യമാകും. അതിനാൽത്തന്നെ ഈ സർവീസ് ആലപ്പുഴ വഴി തിരുവനന്തപുരം വരെ നീട്ടണമെന്ന ആവശ്യമുന്നയിച്ച് റെയിൽ മന്ത്രി അശ്വിനി വൈഷ്ണവിന് കത്തുനൽകിയതായി എംപി അറിയിച്ചു.

ആലപ്പുഴ, കോട്ടയം, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം എന്നിവയുൾപ്പെടെ ജില്ലകളിലേക്ക് കണക്റ്റിവിറ്റി വ്യാപിപ്പിക്കാനിത് സഹായിക്കും. സർവീസ് ആലപ്പുഴ വഴിയാക്കുന്നത് തീരദേശപാതയ്ക്കും ആശ്വാസമാണ്. തീരുവനന്തപുരം നോർത്ത് സ്‌റ്റേഷൻ കൂടുതൽ സജ്ജമായതോടെ തിരുവനന്തപുരം സെൻട്രൽ സ്റ്റേഷനിൽ നിന്ന് കൂടതൽ ട്രെയിനുകൾക്ക് സർവീസ് നടത്താനുള്ള സാഹചര്യവുണ്ട്. ഐടി, ബിസിനസ്, വിദ്യാഭ്യാസ മേഖലകളിൽ ഏർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്കും പ്രൊഫഷണലുകൾക്കും ഇത് വളരെ പ്രയോജനപ്രദമാണ്. ഇക്കാര്യം കേന്ദ്ര മന്ത്രിക്ക് അയച്ച കത്തിൽ വിശദമായി ചൂണ്ടിക്കാട്ടിയിട്ടുണ്ട്. സർവീസ് തുടങ്ങും മുൻപേ ഇക്കാര്യം അനുഭാവപൂർവം പരിഗണിക്കുമെന്നാണ് പ്രതീക്ഷയെന്ന് കെസി വേണുഗോപാൽ പറഞ്ഞു.

Related Articles

Back to top button