‘ഡിവൈഎസ്പി സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്’; പൊലീസ് ഉദ്യോഗസ്ഥനെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തി കെ സി വേണുഗോപാൽ
പൊലീസ് ഉദ്യോഗസ്ഥന്റെ പേരെടുത്ത് പറഞ്ഞ് ഭീഷണിയുമായി എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. ഡിവൈഎസ്പി സുനിലിന്റെ പേര് തങ്ങളുടെ ബുക്കിൽ നോട്ട് ചെയ്തിട്ടുണ്ട് എന്നായിരുന്നു കെ സി വേണുഗോപാലിന്റെ ഭീഷണി. ഷാഫി പറമ്പിൽ എംപിയെ പൊലീസ് മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യുഡിഎഫ് പേരാമ്പ്രയിലെ പ്രതിഷേധ സദസ്സിൽ പ്രസംഗിക്കവെയാണ് കെ സി വേണുഗോപാൽ പൊലീസ് ഉദ്യോഗസ്ഥനെ പേരെടുത്ത് പറഞ്ഞ് ഭീഷണിപ്പെടുത്തിയത്.
‘ഡിവൈഎസ്പി സുനിൽ ഒന്ന് സൂക്ഷിച്ചോ, ഞങ്ങളുടെ ബുക്കിൽ പേര് നോട്ട് ചെയ്ത് വെച്ചിട്ടുണ്ട്’- കെ സി വേണുഗോപാൽ തന്റെ പ്രസംഗത്തിൽ പറഞ്ഞു. ഈ സർക്കാരും ദേവസ്വം ബോർഡും ചേർന്ന് ശബരിമല മുഴുവൻ ‘ചെമ്പാക്കി മാറ്റിയേനേ’ എന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
ശബരിമല വിഷയ നാട്ടിൽ വലിയ ചർച്ചയായിട്ടുണ്ട്. യുഡിഎഫുകാരന്റെയോ കോൺഗ്രസുകാരന്റെയോ വീട്ടിൽ മാത്രമല്ല, സിപിഎമ്മുകാരുടെ വീട്ടിലും ഈ വിഷയം ചർച്ചാവിഷയമാണ്. സ്വന്തം പാർട്ടിക്കാർ നടത്തുന്ന ഈ ‘കൊടിയ അഴിമതിയിൽ’ അപമാനിതരായ സഖാക്കന്മാർ ഈ വിഷയം മാറ്റാനായി ഷാഫി പറമ്പിൽ എംഎൽഎയെ ആക്രമിക്കുകയായിരുന്നുവെന്നും വേണുഗോപാൽ കുറ്റപ്പെടുത്തി. ഷാഫിയെ വകവരുത്താൻ ശ്രമിച്ചാൽ യു.ഡി.എഫ് വിട്ടുകൊടുക്കില്ല. അണികളെ എല്ലാത്തിനും വിട്ട്, നേതാക്കന്മാരെ സ്വർണത്തിന് മാത്രം കാവലിൽ കിട്ടുന്ന പാർട്ടിയല്ല കോൺഗ്രസ്. നിയമപരമായി നടത്താൻ അനുവാദം ലഭിച്ച ജാഥയാണ് ഷാഫിയുടെ നേതൃത്വത്തിൽ പ്രതിഷേധം നടന്നത്.
ഷാഫി പറമ്പിൽ എംപിക്ക് ലാത്തിച്ചാർജിനിടെയല്ല പരിക്കേറ്റതെന്നായിരുന്നു റൂറൽ എസ്പി കെ.ഇ. ബൈജുവിന്റെ അവകാശവാദം. എന്നാൽ, എംപിയെ പോലീസ് മർദിക്കുന്നതിന്റെ ദൃശ്യങ്ങൾ പിന്നീട് പുറത്തുവന്നു. സംഘർഷത്തിനിടെ ഷാഫിയുടെ മൂക്കിന്റെ എല്ല് പൊട്ടിയിരുന്നു. കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച എംപിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കിയിരുന്നു.