62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണം…
ക്ഷേമ പെൻഷൻ തെരഞ്ഞെടുപ്പ് കൈക്കൂലി എന്ന കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറി കെസി വേണുഗോപാലിന്റെ പ്രസ്താവനക്കെതിരെ സിപിഎം. വേണുഗോപാലിന്റെ പ്രസ്താവന ഒരു അടിസ്ഥാനവുമില്ലാത്തതാണെന്നും കോൺഗ്രസ് ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പറഞ്ഞു. പ്രസ്താവന കോൺഗ്രസിന്റെ ആശങ്ക വ്യക്തമാക്കുന്നതാണെന്നും പെൻഷൻ വാങ്ങുന്ന 62 ലക്ഷം ജനങ്ങളോട് കെസി വേണുഗോപാലും കോൺഗ്രസും മാപ്പ് പറയണമെന്നും ധനമന്ത്രി ബാലഗോപാലും ആവശ്യപ്പെട്ടു.
കെ സി വേണുഗോപാലിനെതിരെ വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടിയും രംഗത്തെത്തി. ക്ഷേമപെന്‍ഷന്‍ കൈക്കൂലിയാക്കിയെന്ന വേണുഗോപാലിന്റെ പ്രസ്താവന സാധാരണക്കാരോടുള്ള വെല്ലുവിളിയാണെന്ന് മന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു. സാധാരണക്കാരുടെ ജീവിതത്തെ കെ സി വേണുഗോപാല്‍ അപഹസിക്കുകയാണ്. തിരഞ്ഞെടുപ്പ് വേദികളില്‍ സാധാരണക്കാരെ അപഹസിക്കുന്നതും ഇകഴ്ത്തിക്കാട്ടുന്നതും കോണ്‍ഗ്രസ്സ് നേതാക്കള്‍ അവസാനിപ്പിക്കണം. പരാജയഭീതി കൊണ്ടാണ് 62 ലക്ഷം കുടുംബങ്ങള്‍ക്ക് ആശ്വാസം നല്‍കുന്ന പദ്ധതിയെ വേണുഗോപാല്‍ പരിഹസിക്കുന്നതെന്നും മന്ത്രി വിമര്‍ശിച്ചു.