‘ഒറ്റപ്പെട്ട സംഭവമല്ല, കുറച്ചുപേര്‍ക്ക് മാത്രം ജീവിക്കാന്‍ അവകാശമുള്ള ഇന്ത്യയാണ് സംഘപരിവാറിൻ്റെ സ്വപ്‌നം’

ഛത്തീസ്ഗഡില്‍ മനുഷ്യക്കടത്ത് ആരോപിച്ച് മലയാളി കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്തതിനെതിരെ എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എംപി. ഇതൊരു ഒറ്റപ്പെട്ട സംഭവമല്ലായെന്നും കന്യാസ്ത്രീ വേട്ട, ക്രൈസ്തവ സ്ഥാപനങ്ങള്‍ക്കെതിരായ ആക്രമണങ്ങള്‍ എന്നിവ തുടര്‍ക്കഥയാകുകയാണെന്നും കെ സി വേണുഗോപാല്‍ മാധ്യമങ്ങളോട് പ്രതികരിച്ചു.

ഒഡീഷ, മധ്യപ്രദേശ്, ഛത്തീസ്ഗഡ് തുടങ്ങി ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ ഇവ നിത്യ സംഭവങ്ങളായി മാറിയിരിക്കുകയാണ്. കുറച്ചുപേര്‍ക്ക് മാത്രം ജീവിക്കാന്‍ അവകാശമുള്ള ഇന്ത്യയാണ് സംഘപരിവാര്‍ സ്വപ്‌നം കാണുന്നത്. സംഘപരിവാര്‍ സ്വപ്‌നം കാണുന്ന ഇന്ത്യയില്‍ ദളിതരില്ല, പട്ടിക വര്‍ഗ്ഗക്കാരില്ല, പിന്നാക്കക്കാരില്ല, ജനറല്‍ വിഭാഗത്തിലെ ദരിദ്രരില്ല. അതിന് അനുസരിച്ചാണ് ഇപ്പോള്‍ അവര്‍ പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്നത്. പലതവണ മുഖ്യമന്ത്രിമാര്‍ക്കും കേന്ദ്ര ആഭ്യന്തര മന്ത്രിക്കും കത്തയച്ചിട്ടും ദുരവസ്ഥ തുടരുകയാണ്. ഒഡീഷയില്‍ മുഖ്യമന്ത്രിക്ക് കത്തയച്ചപ്പോള്‍ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം മറുപടി നല്‍കിയതാണ്. എന്നാല്‍ കേവലം പോലീസിനെ അവിടേക്ക് അയച്ചതല്ലാതെ ഇത്തരം ആക്രമണങ്ങള്‍ അവസാനിപ്പിക്കാന്‍ ആവശ്യമായ യാതൊരു നടപടിയും കൈക്കൊണ്ടിട്ടില്ലായെന്നും കെ സി വെളിപ്പെടുത്തി.

കന്യാസ്ത്രീകള്‍ അവരുടെ വിശുദ്ധ വേഷം ഒഴിവാക്കി യാത്ര ചെയ്യാന്‍ ഭരണകൂടം ആവശ്യപ്പെടാന്‍ ഒരുങ്ങുന്നു എന്ന അനൗദ്യോഗിക വാര്‍ത്തകള്‍ വരുന്നുണ്ട്. രാജ്യത്തെ ഭരണഘടനയ്ക്ക് എതിരായ ശക്തമായ ആക്രമണമാണ് ഇത്. എത്രയും വേഗം ആ കന്യാസ്ത്രീകളെ ജയിലില്‍ നിന്നും മോചിപ്പിക്കാന്‍ തയ്യാറാകണം എന്നാണ് ഛത്തീസ്ഗഡ് മുഖ്യമന്ത്രിയോട് പറയാനുള്ളത്. രാജ്യത്ത് തൊഴിലില്ലായ്മ ഇത്രയും രൂക്ഷമാക്കിയത് മോദി ഗവണ്‍മെന്റാണ്. ജോലി ചെയ്യാന്‍ വേണ്ടി 3 പേര്‍ കന്യാസ്ത്രീകളോടൊപ്പം പോയപ്പോള്‍ അതില്‍ മതപരിവര്‍ത്തനം ആരോപിക്കുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്? ഈ വിഷയം എന്തായാലും പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യും. കുറഞ്ഞപക്ഷം കേരളത്തിലെ തിരഞ്ഞെടുപ്പ് കഴിയുന്നത് വരെയെങ്കിലും ക്രൈസ്തവര്‍ക്കെതിരായ ആക്രമണങ്ങള്‍ നിര്‍ത്തിവയ്ക്കാന്‍ സംസ്ഥാനത്തെ ആട്ടിന്‍ തോലിട്ട ബിജെപി നേതാക്കള്‍ കേന്ദ്ര നേതൃത്വത്തോട് ആവശ്യപ്പെടണമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കെ സി വേണുഗോപാല്‍ ഫേസ്ബുക്കില്‍ കുറിപ്പും പങ്കുവെച്ചു.

Related Articles

Back to top button