തൊഴിലുറപ്പ് തൊഴിലാളികളുടെ കപ്പയും മുളക് കറിയും കഴിച്ച് കെ സി വേണുഗോപാൽ

ആലപ്പുഴ: തൊഴിലുറപ്പ് തൊഴിലാളികളുമായി നേരിട്ട് സംവദിച്ച് എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ അടിസ്ഥാന തത്വങ്ങളിൽ ഘടനാപരമായ മാറ്റങ്ങൾ വരുത്തി പദ്ധതി അട്ടിമറിക്കാനുള്ള കേന്ദ്ര സർക്കാരിന്റെ നീക്കങ്ങൾ ശക്തമാകുന്ന സാഹചര്യത്തിലാണ് കെ സി വേണുഗോപാൽ തൊഴിലുറപ്പ് തൊഴിലാളികളുമായി ആശയവിനിമയം നടത്തിയത്. സാധാരണക്കാരുടെ പട്ടിണി മാറ്റാനും തൊഴിൽ അവകാശം ഉറപ്പാക്കാനും കോൺഗ്രസ് സർക്കാർ നടപ്പാക്കിയ തൊഴിലുറപ്പ് പദ്ധതിയെ തകർക്കാനുള്ള മോദി സർക്കാരിന്റെ ശ്രമങ്ങളെ അനുവദിക്കില്ലെന്ന് കെ.സി. വേണുഗോപാൽ തൊഴിലാളികളോട് പറഞ്ഞു.
ആലപ്പുഴ ജില്ലയിലെ പുറക്കാട് പഞ്ചായത്തിലൂടെ യാത്ര ചെയ്യുന്നതിനിടെയാണ് തോട്ടപ്പള്ളി പടിഞ്ഞാറ് ചാലയിൽ തോപ്പിൽ പ്രദേശത്തെ കൃഷിയിടത്തിൽ ജോലി ചെയ്തുകൊണ്ടിരുന്ന തൊഴിലുറപ്പ് തൊഴിലാളികളെ അദ്ദേഹം കാണുന്നത്. തുടർന്ന് വാഹനത്തിൽ നിന്ന് ഇറങ്ങിയ വേണുഗോപാൽ തൊഴിലാളികളോടൊപ്പം സമയം ചെലവഴിച്ച് അവരുടെ അനുഭവങ്ങളും ആശങ്കകളും കേട്ടു.
തൊഴിലാളികൾ സ്നേഹത്തോടെ നൽകിയ കപ്പയും മുളക് കറിയും അദ്ദേഹം അവരോടൊപ്പം ഇരുന്ന് കഴിച്ചു. തുടർന്ന് സമീപത്തെ കടയിൽ നിന്ന് ക്രിസ്മസ് കേക്ക് വാങ്ങി തൊഴിലാളികൾക്ക് മുറിച്ച് നൽകി. നിലത്ത് ഇരിക്കാൻ അദ്ദേഹം തയ്യാറായപ്പോൾ അവിടം അഴുക്കാണെന്ന് തൊഴിലാളികൾ പറഞ്ഞെങ്കിലും അതൊന്നും പ്രശ്നമല്ലെന്ന് പറഞ്ഞ് അവർക്കൊപ്പം തന്നെ ഇരുന്ന ശേഷമാണ് കെ.സി. വേണുഗോപാൽ മടങ്ങിയത്.



