ആര്‍എസ്എസ് കൂട്ടുകെട്ടില്‍ പ്രതിഷേധിച്ച് രാജിവച്ച സിപിഎം ജനറല്‍ സെക്രട്ടറിയെ ഓര്‍മയില്ലേ?.. മുഖ്യമന്ത്രി ചരിത്രം മറക്കരുതെന്ന് കെസി വേണുഗോപാല്‍…

ആര്‍എസ്എസുമായി സിപിഎം ഒരു കൂട്ടുകെട്ടും ഉണ്ടാക്കിയിട്ടില്ലെന്ന പിണറായിവിജയന്‍റെ പ്രസ്താവന തള്ളി എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍.സി പി എമ്മിന്‍റെ ആദ്യ ജനറൽ സെക്രട്ടറി പി.സുന്ദരയ്യയുടെ രാജി ഓർമ്മിപ്പിച്ച് മുഖ്യമന്ത്രിക്ക് കെ.സി വേണുഗോപാല്‍ സമൂഹമാധ്യമത്തിലൂടെ തുറന്ന കത്തയച്ചു.അടിയന്തരാവസ്ഥയിൽ ജനസംഘവും ആർ എസ് എസുമായുള്ള സഹകരണം പാർട്ടിക്ക് വലിയ ദോഷമുണ്ടാക്കുമെന്ന സുന്ദരയ്യയുടെ രാജിക്കത്തിലെ വരികൾ അദ്ദേഹം മുഖ്യമന്ത്രിയെ ഓർമ്മപ്പെടുത്തി. ആർഎസ്എസുമായി ഒരു സഹകരണവും ഉണ്ടായിട്ടില്ലെന്ന് അങ്ങ് വാർത്താസമ്മേളനത്തിൽ പറഞ്ഞതുകേട്ടു. കൂടുതൽ ചോദ്യങ്ങളും ചരിത്ര വസ്തുതകൾ ചൂണ്ടിക്കാട്ടലും ഉണ്ടാകാത്തതിനാൽ ഒരിക്കൽക്കൂടി മാധ്യമങ്ങളെ കബളിപ്പിക്കാൻ ശ്രമിച്ചു. പക്ഷേ, ചരിത്രം കണ്ടില്ലെന്ന് വെയ്ക്കാനോ, അത് തമസ്കരിക്കാനോ അത് ബോധ്യമുള്ളവർക്കാവില്ലല്ലോയെന്ന് കെ സി വേണു​ഗോപാൽ ഫെയ്സ്ബുക്ക് കുറിപ്പിൽ പറഞ്ഞു.

സിപിഎം ജനറൽ സെക്രട്ടറി സ്ഥാനവും പി ബി അംഗത്വവും രാജിവെച്ചുകൊണ്ട് പി സുന്ദരയ്യ പാർട്ടിക്ക് നൽകിയ കത്തിന്റെ കാര്യവും കുറിപ്പിൽ എടുത്തു പറയുന്നുണ്ട്. ന്യൂഡല്‍ഹിയിലെ ഇന്ത്യ പബ്ലിഷേഴ്‌സ് ആന്‍ഡ് ഡിസ്ട്രിബ്യൂട്ടേഴ്‌സ് പ്രസിദ്ധീകരിച്ച ഈ കത്ത് ഇന്നും പൊതുവിടങ്ങളിൽ ലഭ്യമാണ്. 1989ല്‍ കോണ്‍ഗ്രസിനെ അട്ടിമറിക്കാന്‍ സിപിഎം നേതാക്കള്‍ വി പി സിങിനൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിച്ചത് ചരിത്രമല്ലേ?. ചോദ്യങ്ങൾ ഉയർന്നില്ലെന്നതിന്റെ പേരിൽ ചരിത്രം കണ്ണടച്ചാൽ ഇല്ലാതാകുന്നതല്ലെന്ന് കേരളത്തിന്റെ മുഖ്യമന്ത്രി ഓർക്കണം. സിപിഎം നേതാക്കളായ ഇഎംഎസും ജോതിബസുവും അദ്വാനിക്കും വാജ്‌പേയിക്കും ഒപ്പം നില്‍ക്കുന്ന ചിത്രങ്ങള്‍ ഇന്നും ചരിത്ര പുസ്തകങ്ങളിൽ പൊടി പിടിക്കാതെ കിടപ്പുണ്ട്.

ആർ എസ് എസ് കാര്യാലയമായി രാജ്ഭവനെ മാറ്റിയിരിക്കുകയാണ് ഗവർണർ. ഒരു വാക്ക് കൊണ്ടോ നോക്കുകൊണ്ടോ പോലും ഗവർണറെയോ സംഘപരിവാറിയോ വേദനിപ്പിക്കാൻ അങ്ങ് തയ്യാറായില്ലല്ലോ. ആർ എസ് എസ്സുമായി നേരത്തെ കച്ചവടമുറപ്പിച്ച്‌, ഗോവിന്ദൻ മാഷ് പറഞ്ഞ സത്യം വിവാദമായപ്പോൾ തെരഞ്ഞെടുപ്പിന്റെ തലേദിവസം തലയിൽ മുണ്ടിടാനുള്ള ശ്രമമാണ് അങ്ങ് നടത്തിയത്. പാർട്ടി സെക്രട്ടറിക്ക് നാക്ക് പിഴ വന്നെന്നോ, വൈകാരികതയിലോ ആവേശത്തിലോ സംഭവിച്ചതെന്ന് കരുതാൻ വയ്യ. മറിച്ച്, വരാൻ പോകുന്ന തദ്ദേശ, നിയമസഭാ തെരഞ്ഞെടുപ്പുകളിൽ സംഘപരിവാറുമായി കൈകോർക്കാനും ആ വോട്ടുകൾ പ്രീണിപ്പിക്കാനുമുള്ള ആദ്യഘട്ട ദൗത്യം മാത്രമാണ് എം വി ഗോവിന്ദൻ നടത്തിയത് എന്നും വേണു​ഗോപാൽ ആരോപിച്ചു.

Related Articles

Back to top button