ചാരുംമൂട്ടിലെ രാസ ലഹരി വേട്ട – മുഖ്യ സൂത്രധാരന്‍ കായംകുളം സ്വദേശി പിടിയില്‍…
ചാരുംമൂട്ടിലെ രാസ ലഹരി വേട്ട – മുഖ്യ സൂത്രധാരന്‍ കായംകുളം സ്വദേശി പിടിയില്‍. ജൂൺ 21ന് ചാരുംമൂടിന് സമീപം പാലമൂട് ജംഗ്ഷനില്‍ വച്ച് ബാംഗ്ലൂരില്‍ നിന്നും കടത്തിക്കൊണ്ടു വരികയായിരുന്ന 29 ഗ്രാം MDMA യുമായി കായംകുളം സ്വദേശികളായ പ്രശാന്ത്, അഖില്‍ അജയന്‍ എന്നീ യുവാക്കളെ നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തിരുന്നു. ഈ കേസിലെ MDMA യുടെ ഉറവിടം കണ്ടെത്തുന്നതിനായി ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്റെ നിർദ്ദേശപ്രകാരം ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി ടി. ബിനുകുമാറിന്റെ മേല്‍നോട്ടത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു.തുടര്‍ന്ന് പ്രതികളായ പ്രശാന്തിനേയും അഖില്‍ അജയനേയും ആലപ്പുഴ ജില്ലാ സെഷന്‍സ് കോടതിയില്‍ നിന്നും നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ കസ്റ്റഡിയില്‍ വാങ്ങി നടത്തിയ അന്വേഷണത്തില്‍ ഇവര്‍ക്ക് MDMA വാങ്ങാന്‍ സഹായം ചെയ്തു കൊടുത്തതും ബാംഗ്ലൂരില്‍ MDMA ഇടപാടു ചെയ്തു കൊടുത്തതും ഇവരുടെ സുഹൃത്തായ കായംകുളം ചേരാവളളി കൊല്ലകയില്‍ വീട്ടില്‍ സഞ്ജു എന്നു വിളിക്കുന്ന 23 കാരൻ സൂര്യനാരായണന്‍ ആണെന്നു കണ്ടെത്തിയിരുന്നു. ഇവര്‍ പിടിയിലായതറിഞ്ഞ് മൊബൈല്‍ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്ത് ഒളിവില്‍ പോയ സൂര്യനാരായണനെ കായംകുളത്തെ ഒളിത്താവളത്തില്‍ നിന്നും ഇന്നലെ ഉച്ചയോടെ നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്. ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്യുകയായിരുന്നു.
സര്‍ക്കാര്‍ ചെലവില്‍ ഹൃദയം മാറ്റിവക്കല്‍ ശസ്ത്രക്രീയക്കു വിധേയനായ സൂര്യനാരായണന്‍ 2022 മുതല്‍ കായംകുളം പോലീസ് സ്റ്റേഷനില്‍ അടിപിടി, കഠിന ദേഹോപദ്രവം, കൊലപാതക ശ്രമം, ലഹളയുണ്ടാക്കല്‍, ലഹരിക്കടത്ത് എന്നിങ്ങനെ നിരവധി കേസുകളില്‍ പ്രതിയാണ്. കായംകുളം ചേരാവളളി കേന്ദ്രീകരിച്ച് സൂര്യനാരായണന്റെ നേതൃത്വത്തില്‍ ഒരു ഗുണ്ടാസംഘം വളര്‍ത്തിയിട്ടുണ്ട്. ഇയാള്‍ മരച്ചീനിക്കച്ചവടത്തിന്റെ മറവില്‍ ലഹരി വില്‍പ്പനയും ഗുണ്ടാപ്രവര്‍ത്തനവും ഊര്‍ജ്ജിതമായി നടത്തി വരികയായിരുന്നു. ബാംഗ്ലൂര്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന രാസലഹരി സംഘങ്ങളുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സൂര്യനാരായണന്‍ ആലപ്പുഴ ജില്ലയിലെ തെക്കന്‍ പ്രദേശത്തെ നിരവധി ചെറുപ്പക്കാര്‍ക്ക് ബാംഗ്ലൂരില്‍ നിന്നും ലഹരി ഇടപാടു ചെയ്തു നല്‍കുന്ന പ്രധാന കണ്ണിയാണ്. രണ്ടു മാസം മുന്‍പ് സൂര്യനാരായണന്റെ വീടിനു പുറകു വശത്തു ലഹരി ഉപയോഗത്തിലേര്‍പ്പെട്ടിരുന്ന ഇയാളുള്‍പ്പെടെ ആറു ഗുണ്ടകളെ കായംകുളം പോലീസ് 6 ഗ്രാം ചരസ് സഹിതം പിടികൂടിയിരുന്നു. ആവശ്യക്കാരായ ചെറുപ്പക്കാരില്‍ നിന്നും പണം വാങ്ങി ബാംഗ്ലൂരില്‍ കാരിയര്‍മാരെ അയച്ച് MDMA വരുത്തി ചെറുകിട വില്‍പ്പന നടത്തുകയാണ് ഇപ്പോഴത്തെ ഇയാളുടെ രീതി.
അറസ്റ്റ് ചെയ്ത സൂര്യനാരായണനെ ഇന്നലെ മാവേലിക്കര ജുഡിഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പിടിച്ചെടുത്ത MDMA യുടെ നിര്‍മ്മാണ കേന്ദ്രം, മൊത്ത വിതരണ ശൃംഖല എന്നിവ സംബന്ധിച്ച് ഇയാളെ പോലീസ് കസ്റ്റഡിയില്‍ വാങ്ങി അന്വേഷണം നടത്തും. പ്രതികള്‍ ലഹരി കടത്തും വില്‍പ്പനയും വഴി ആര്‍ജ്ജിച്ച് ബിനാമി പേരിലും മറ്റും സ്വരുക്കൂട്ടിയിട്ടുളള സ്ഥാവര ജംഗമ സ്വത്തുക്കള്‍ കണ്ടെത്താനുളള പരിശോധനകളും ശക്തമാക്കിയിട്ടുണ്ട്.നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ ശ്രീകുമാര്‍.എസ്, സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍മാരായ ശരത്.എ, അഖില്‍ മുരളി, കലേഷ്.കെ, ജംഷാദ്.എസ് എന്നിവര്‍ ചേര്‍ന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ആലപ്പുഴ ജില്ലയിൽ ലഹരി മാഫിയക്കെതിരേ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന ഓപ്പറേഷന്‍ ഡി – ഹണ്ട് നടപടികളുടെ ഭാഗമായി റെയ്ഡുകള്‍, കരുതല്‍ തടങ്കല്‍, വസ്തു വകകള്‍ കണ്ടുകെട്ടല്‍ അടക്കമുളള കൂടുതല്‍ നടപടികള്‍ വരും ദിവസങ്ങളില്‍ ഊര്‍ജ്ജിതമായി നടത്തുമെന്ന് പൊലീസ് അറിയിച്ചു.