കായംകുളത്ത് എം ലിജു, പ്രഖ്യാപനം ഇന്നുണ്ടാകും…

കൊച്ചി: കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി നിര്‍ണ്ണയം ഏറെക്കുറെ പൂര്‍ത്തിയായി. കായംകുളത്ത് കെപിസിസി വൈസ് പ്രസിഡന്റ് എം ലിജുവാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കൊച്ചിയില്‍ എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസാണ് ജനവിധി തേടുക. ദീപ്തി മേരി വര്‍ഗീസിന്റെ പേരും കൊച്ചിയിലേക്ക് ഉയര്‍ന്നുകേട്ടിരുന്നെങ്കിലും ഒടുവില്‍ നേതൃത്വം ഷിയാസിലേക്ക് തന്നെ എത്തുകയായിരുന്നു. തൃപ്പൂണിത്തുറയില്‍ ഇതുവരെ തീരുമാനമായിട്ടില്ല. പെരുമ്പാവൂരില്‍ സിറ്റിംഗ് എംഎല്‍എ ആ എല്‍ദോസ് കുന്നപ്പിളളിയ്ക്ക് സീറ്റില്ല. പകരം പുതിയ സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കും. ഇന്ന് രാവിലെ പതിനൊന്ന് മണിയോടെ പ്രഖ്യാപനമുണ്ടാകും എന്നാണ് സൂചന.
എംപിമാരായ കെ സുധാകരനും അടൂര്‍ പ്രകാശിനും നിയമസഭയില്‍ മത്സരിക്കാന്‍ ഹൈക്കമാന്‍ഡ് അനുമതി നല്‍കിയില്ല. കണ്ണൂരും കോന്നിയിലും സ്ഥാനാര്‍ത്ഥികളെ ഇന്ന് പ്രഖ്യാപിക്കും. മുന്‍ കണ്ണൂര്‍ മേയര്‍ ടി ഒ മോഹനനായിരിക്കും കണ്ണൂരിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി. കോന്നിയില്‍ സതീഷ് കൊച്ചുപറമ്പിലായിരിക്കും സ്ഥാനാര്‍ത്ഥി. നാമനിർദേശ പത്രിക സമർപ്പിക്കുന്നതിന് മുന്നോടിയായി കെ സുധാകരൻ ഇന്നലെ കേരളാ ഹൗസിലെത്തി എൻഒസി വാങ്ങിയിരുന്നു.




