സൈനികന്റെ ഭാര്യ സ്വന്തം കുഞ്ഞിനെ ശിക്ഷിച്ചത് പ്രാകൃതമായി; കായംകുളത്തെ നിധി അറസ്റ്റിലായത് ഇങ്ങനെ…
കായംകുളം: നാലര വയസ്സുള്ള സ്വന്തം മകനെ ചട്ടുകം ചൂടാക്കി കാലിൽ പൊള്ളലേൽപിച്ച യുവതി അറസ്റ്റിലായ സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത്. കായംകുളത്തിനു സമീപം കണ്ടല്ലൂർ വടക്ക് പുതിയവിള അംബികാ ഭവനത്തിൽ നിധി (31)യാണ് അറസ്റ്റിലായത്. ഇവരുടെ ഭർത്താവ് സൈനികനാണ്. നിക്കറിൽ മലമൂത്ര വിസർജനം നടത്തിയതിനുള്ള ശിക്ഷയായാണ് യുവതി മകനെ പൊള്ളലേൽപ്പിച്ചത്.
കഴിഞ്ഞ 20നാണ് സംഭവം. കുട്ടി എൽകെജി വിദ്യാർഥിയാണ്. സൈനികനായ പിതാവ് ജോലിസ്ഥലത്താണ്. കുട്ടിയും അമ്മയും മുത്തശ്ശിയുമാണു വീട്ടിലുള്ളത്. പൊള്ളലേറ്റ കുട്ടിയെ അമ്മയും മുത്തശ്ശിയും ചേർന്നു വേലഞ്ചിറയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചിരുന്നു. കുട്ടി ചൂടുള്ള ദോശക്കല്ലിൽ അറിയാതെ ഇരുന്നപ്പോൾ പൊള്ളലേറ്റതാണെന്നാണ് അമ്മ ഡോക്ടറോടു പറഞ്ഞത്. സംശയം തോന്നിയ ഡോക്ടർ പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു.
പൊലീസ് നടത്തിയ അന്വേഷണത്തിനിടെയാണ് നിധിയുടെ ഭർത്താവിന്റെ അമ്മ കുട്ടിയെ നിധി പൊള്ളലേൽപ്പിക്കുകയായിരുന്നു എന്ന് വെളിപ്പെടുത്തിയത്. തുടർന്ന്, മുത്തശ്ശി പരാതി എഴുതി നൽകുകയും ചെയ്തു. മുത്തശ്ശിയുടെ പരാതിയിൽ കേസെടുത്ത പൊലീസ് ചൈൽഡ് ലൈനിൽ വിവരമറിയിക്കുകയും ചെയ്തു.
ചൈൽഡ് ലൈൻ പ്രവർത്തകർ കുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ ശേഷമാണ് അമ്മയെ അറസ്റ്റ് ചെയ്തത്. എസ്എച്ച്ഒ സി.അമലിന്റെ നിർദേശാനുസരണം എസ്ഐ ശ്രീകുമാർ, സിവിൽ പൊലീസ് ഉദ്യോഗസ്ഥരായ സനൽകുമാർ, ജസീല, അർച്ചന എന്നിവർ ചേർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഹരിപ്പാട് കോടതിയിൽ ഹാജരാക്കിയ യുവതിയെ റിമാൻഡ് ചെയ്തു.