കായംകുളത്ത് സ്‌കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി സ്വർണം കവർന്നു; യുവാവ് അറസ്റ്റിൽ

കായംകുളം: സ്‌കൂട്ടർ യാത്രക്കാരിയെ അടിച്ചുവീഴ്ത്തി സ്വർണം കവർന്ന കേസിൽ പത്തിയൂർതോട്ടം വേളൂർ പുത്തൻവീട്ടിൽ പാർഥൻ (ശംഭു-27) അറസ്റ്റിൽ. സ്‌കൂട്ടറിൽ യാത്രചെയ്യുകയായിരുന്ന ടെക്‌സ്റ്റൈൽ ജീവനക്കാരിയായ യുവതിയെയാണ് അടിച്ച് താഴെ വീഴ്ത്തി സ്വർണം കവർന്നത്. പിന്നാലെ ബൈക്കിലെത്തി യുവതിയുടെ കൈയിൽ ആഞ്ഞടിച്ച് റോഡിൽ മറിച്ചിട്ടു.

അതിനുശേഷം കൈയിൽക്കിടന്ന അരപ്പവൻ തൂക്കമുള്ള സ്വർണച്ചെയിൻ ബലമായി വലിച്ചു പൊട്ടിച്ചെടുക്കുകയായിരുന്നു. കായംകുളം ചെട്ടികുളങ്ങര റോഡിൽ മുക്കവല ജങ്ഷനു തെക്കുവശത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രി 8.30-നാണ് സംഭവം. യുവതി ജോലികഴിഞ്ഞ് മടങ്ങുകയായിരുന്നു. സംഭവത്തിനുശേഷം ഇയാൾ ബൈക്കിൽ രക്ഷപ്പെട്ടു.

നല്ല മഴയും ഇരുട്ടുമുള്ളപ്പോൾ ആളൊഴിഞ്ഞ സ്ഥലത്തുവെച്ച് ഹെൽമെറ്റും രണ്ടു കൈകളിലും കറുത്ത ഗ്ലൗസും ധരിച്ചെത്തിയാണ് ഇയാൾ സ്വർണം കവർന്നത്.

തുടർന്ന്, സമീപപ്രദേശങ്ങളിലെ സിസിടിവി ക്യാമറകളും മറ്റും കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിൽ ഇയാൾ ഉപയോഗിച്ച ബൈക്കിന്റെ വിവരങ്ങൾ കണ്ടെത്തുകയും പ്രതിയെ അറസ്റ്റുചെയ്യുകയുമായിരുന്നു. ചോദ്യംചെയ്തപ്പോൾ ഇയാൾ കുറ്റം സമ്മതിച്ചു. സ്വർണം ഓച്ചിറയിലെ ഒരു സ്വർണക്കടയിൽ വിറ്റതായും പറഞ്ഞു.

തുടർന്ന്, പൊലീസ് സ്വർണക്കടയിലെത്തി സിസിടിവി ക്യാമറ പരിശോധിച്ചു. ഇയാൾ സ്വർണം കടയിൽ വിൽക്കുന്ന ദൃശ്യങ്ങൾ ഇതിൽനിന്നു ലഭിച്ചു. കരീലക്കുളങ്ങര സ്റ്റേഷനിലെ രണ്ടുകേസിലും മാവേലിക്കര സ്റ്റേഷനിലെ ഒരു കേസിലും പ്രതിയാണ്. ഡിവൈഎസ്പി ബിനുകുമാർ, സിഐ അരുൺഷാ, രതീഷ് ബാബു, വിഷ്ണു അജയ്, വിനോദ്, അഖിൽ മുരളി, പ്രവീൺ, അനു, ഷിബു എന്നിവരുടെ നേതൃത്വത്തിലാണ് ഇയാളെ പിടികൂടിയത്.

Related Articles

Back to top button