തുടക്കം തന്നെ ഹിറ്റ്..ചെനാബിന് മുകളിലൂടെ ചീറിപ്പാഞ്ഞ് വന്ദേ ഭാരത്…

പുതിയ കത്ര-ശ്രീനഗർ വന്ദേ ഭാരത് എക്സ്പ്രസിനെ ഏറ്റെടുത്ത് ജമ്മു കശ്മീര്‍. വലിയ സ്വീകാര്യതയാണ് വന്ദേ ഭാരതിന് ജമ്മു കശ്മീരിൽ ലഭിക്കുന്നത്. ലോഞ്ചിന് പിന്നാലെ 10 ദിവസത്തേയ്ക്കുള്ള ടിക്കറ്റുകൾ ചൂടപ്പം പോലെ വിറ്റഴിഞ്ഞു. ജനങ്ങളിൽ നിന്ന് ലഭിക്കുന്നത് പ്രതീക്ഷിച്ചതിനുമപ്പുറമുള്ള പ്രതികരണമാണെന്ന് മാതാ വൈഷ്ണോ ദേവി കത്ര റെയിൽവേ സ്റ്റേഷനിലെ സ്റ്റേഷൻ സൂപ്രണ്ട് ജുഗൽ കിഷോർ ശർമ്മ മാധ്യമങ്ങളോട് പറ‌ഞ്ഞു

രാജ്യത്തെ മറ്റിടങ്ങളിൽ സര്‍വീസ് നടത്തുന്ന വന്ദേ ഭാരത് ട്രെയിനുകളിൽ നിന്ന് വ്യത്യസ്തമാണ് കശ്മീരിലെ വന്ദേ ഭാരത് എക്സ്പ്രസ്. പൂജ്യം ഡിഗ്രിയിൽ താഴെയുള്ള കാലാവസ്ഥയ്ക്ക് പോലും അനുയോജ്യമായ രീതിയിൽ രൂപകൽപ്പന ചെയ്തിട്ടുള്ള ഈ ട്രെയിനിൽ ഹീറ്റഡ് വിൻഡ്‌ഷീൽഡുകൾ, ഇൻസുലേറ്റഡ് ടോയ്‌ലറ്റുകൾ, -20 ഡിഗ്രി സെൽഷ്യസിൽ പോലും മഞ്ഞിനെ ചെറുക്കുന്ന നൂതന ഹീറ്റിംഗ് സംവിധാനങ്ങൾ എന്നിവ സജ്ജീകരിച്ചിട്ടുണ്ട്. ആഴ്ചയിൽ ആറ് ദിവസം ട്രെയിൻ സർവീസ് നടത്തുമെന്നും കത്ര-ശ്രീനഗർ യാത്ര വെറും മൂന്ന് മണിക്കൂറിനുള്ളിൽ പൂർത്തിയാക്കുമെന്നും റിപ്പോർട്ടുകൾ പറയുന്നു.

അതേസമയം, ജൂൺ 6ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ് ഓഫ് ചെയ്ത വന്ദേ ഭാരത് എക്സ്പ്രസ് പുതുതായി പൂർത്തീകരിച്ച ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്കിലൂടെയാണ് സര്‍വീസ് നടത്തുന്നത്. 36 തുരങ്കങ്ങളും 943 പാലങ്ങളും ഉൾക്കൊള്ളുന്ന 272 കിലോമീറ്റർ ദൈർഘ്യമുള്ള എഞ്ചിനീയറിംഗ് അത്ഭുതമാണ് ഉദംപൂർ-ശ്രീനഗർ-ബാരാമുള്ള റെയിൽവേ ലിങ്ക്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലമായ ചെനാബ് പാലത്തിന് മുകളിലൂടെയുള്ള യാത്രയാണ് പ്രധാന ആകര്‍ഷണം. ജമ്മു-ശ്രീനഗർ ഹൈവേയിൽ മണ്ണിടിച്ചിലുകളുണ്ടാകുകയും മഞ്ഞ് മൂലം യാത്രകൾ തടസ്സപ്പെടുകയും ചെയ്യുന്നത് കശ്മീരിലെ പതിവ് കാഴ്ചകളാണ്. പുതിയ റെയിൽവേ റൂട്ട് യാഥാര്‍ത്ഥ്യമായതോടെ കശ്മീരിലെ ഗതാഗത സൗകര്യം കൂടുതൽ മെച്ചപ്പെടുമെന്നാണ് വിലയിരുത്തൽ

Related Articles

Back to top button