ഹിന്ദു പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോയ മുസ്‍ലിം യുവാവിനെതിരെ കേസെടുത്തു….നടപടി പരാതിയില്ലെന്ന് പെൺകുട്ടിയും അമ്മയും പറഞ്ഞിട്ടും…..
സഹപ്രവർത്തകയായ ഹിന്ദു പെൺകുട്ടിക്കൊപ്പം ബൈക്കിൽ പോയ മുസ്‍ലിം യുവാവിനെതിരെ കാസർകോട് പൊലീസ് തട്ടിക്കൊണ്ടുപോകലിന് കേസെടുത്തു. പതിനേഴുകാരിയെ തട്ടിക്കൊണ്ടുപോയെന്ന് ചൂണ്ടിക്കാട്ടി ലക്ഷ്വദീപ് സ്വദേശിയായ 23കാരനെതിരെ പൊലീസ് സ്വമേധയാ കേസ് എടുത്തത്. പരാതിയില്ലെന്ന് പെൺകുട്ടിയും അമ്മയും പലതവണ പൊലീസിനെ നേരിട്ട് അറിയിച്ചെങ്കിലും കള്ളക്കേസ് പിൻവലിക്കാൻ പൊലീസ് തയാറായില്ല. കേസിന് പിന്നിൽ ബി.ജെ.പിക്കാർ അടക്കമുള്ളവരുടെ സമ്മർദമാണെന്നാണ് അറിയുന്നത്. രണ്ടരമാസത്തെ മാനസികപീഡനം അനുഭവിച്ച യുവാവിന് നിയമയുദ്ധത്തിനൊടുവിൽ, പെൺകുട്ടിയുടെ അമ്മയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ കാസർകോട് സെഷൻസ് കോടതി ചൊവ്വാഴ്ച മുൻകൂർ ജാമ്യമനുവദിച്ചു. നാലുതവണയാണ് മുൻകൂർ ജാമ്യാപേക്ഷയിൽ കോടതി വാദം കേട്ടത്.
സെപ്റ്റംബർ 13ന് രാത്രിയാണ് പെൺകുട്ടിയേയും യുവാവിനെയും വലച്ച കള്ളക്കേസിനാസ്പദമായ സംഭവം നടന്നത്. കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ ഓപറേഷൻ തിയറ്റർ ടെക്‌നീഷ്യനായ യുവാവും ഇതേ ആശുപത്രിയിലെ നഴ്സിങ് ട്രെയിനിയായ 17കാരിയും രാത്രി ബൈക്കിൽ പോയതിന്റെ പേരിലാണ് കാസർകോട് വനിത പൊലീസ് കേസെടുത്തത്.