വിജയ്‍ക്കെതിരെ ബിഎൻഎസ് സെക്ഷൻ 105? കടുത്ത ശിക്ഷയും പിഴയും ലഭിക്കുന്ന വകുപ്പുകൾ.. അറസ്റ്റ് ഉടൻ…
തമിഴ് സൂപ്പര്‍ താരം വിജയ് യുടെ രാഷ്ട്രീയ പാര്‍ട്ടിയായ തമിഴക വെട്രി കഴകം (ടിവികെ ) കരൂരിൽ സംഘടിപ്പിച്ച റാലിക്കിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് മരിച്ചവരുടെ എണ്ണം 39 ആയി ഉയര്‍ന്നു. മരിച്ചവരില്‍ 9 കുട്ടികളും 17 സ്ത്രീകളും ഉള്‍പ്പെടുന്നു. 110 ലേറെ പേര്‍ പരിക്കേറ്റ് ആശുപത്രിയിലാണ്. ഇവരില്‍ 12 പേരുടെ നില അതീവ ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ സാഹചര്യത്തിൽ, ടിവികെ നേതാവായ വിജയ്ക്കെതിരെ കേസെടുക്കാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. 2024 ഡിസംബർ നാലിന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററിൽ ‘പുഷ്പ 2: ദി റൂൾ’ എന്ന സിനിമയുടെ പ്രീമിയറിനിടെയുണ്ടായ തിക്കിലും തിരക്കിലും ഒരു സ്ത്രീ മരിച്ച സംഭവത്തിൽ തെലുങ്ക് നടൻ അല്ലു അർജുൻ അറസ്റ്റിലായത് ഈ സാഹചര്യവുമായി സാമ്യമുണ്ട്. ഡിസംബർ 13-നായിരുന്നു അല്ലു അർജുനെ അറസ്റ്റ് ചെയ്തത്. അല്ലു അർജുനെതിരെ ഭാരതീയ ന്യായ സംഹിത (BNS) യിലെ 105, 118(1) വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരുന്നത്.
കരൂര്‍ ദുരന്തത്തിന് വിജയ് ഉത്തരവാദിയായി കണക്കാക്കപ്പെടുകയാണെങ്കിൽ, അദ്ദേഹത്തിനെതിരെ ബിഎൻഎസ് സെക്ഷൻ 105 പ്രകാരം കേസെടുക്കാനും അറസ്റ്റ് ചെയ്യാനും സാധ്യതയുണ്ടെന്നാണ് നിയമവൃത്തങ്ങൾ പറയുന്നത്. ഈ രണ്ട് വകുപ്പുകളും പൊലീസിന് വാറന്‍റില്ലാതെ അറസ്റ്റ് ചെയ്യാൻ കഴിയുന്ന കുറ്റകൃത്യങ്ങളാണ്. മാത്രമല്ല, ഇവ രണ്ടും ജാമ്യം ലഭിക്കാവുന്ന കുറ്റങ്ങളാണ്.