പാർട്ടിക്ക് വിധേയനായി.. പീഡന പരാതി.. കോട്ടയിൽ രാജു നാളെ…
നഗരസഭാ ശുചീകരണ കരാർ തൊഴിലാളിയുടെ പീഡന പരാതിയിൽ പ്രതിയായ കരുനാഗപ്പള്ളി മുനിസിപ്പൽ ചെയർമാൻ കോട്ടയിൽ രാജു വ്യാഴാഴ്ച രാജി സമർപ്പിക്കും. പരാതി പുറത്തറിഞ്ഞതിന് പിന്നാലെ പ്രതിപക്ഷ പാർട്ടികളുടെയും യുവജന സംഘടനകളുടെയും നേതൃത്വത്തിൽ നഗരസഭയിലേക്ക് ദിവസങ്ങളോളം മാർച്ചും സമരങ്ങളും സംഘടിപ്പിച്ചിരുന്നു.സി.പി.എമ്മിന്റെ മുഖം രക്ഷിക്കാനായി അടിയന്തര ജില്ല കമ്മിറ്റി കൂടി കോട്ടയിൽ രാജു ചെയർമാൻ സ്ഥാനം ഒഴിയണമെന്ന തീരുമാനത്തിൽ എത്തിച്ചേർന്നു. ജില്ല സെക്രട്ടേറിയറ്റ് മെംബർമാരും സംസ്ഥാന കമ്മിറ്റി അംഗങ്ങളായ സൂസൻ കോടിയും സോമപ്രസാദും അടക്കമുള്ളവർ കരുനാഗപ്പള്ളി ഏരിയ കമ്മിറ്റിയിൽ ഈ വിവരം റിപ്പോർട്ട് ചെയ്തു.
കോട്ടയിൽ രാജു ഉൾപ്പെടെ ഒമ്പത് സി.പി.എം കൗൺസിൽ അംഗങ്ങൾ ഏരിയ കമ്മിറ്റി സെക്രട്ടറി വിളിച്ചുകൂട്ടിയ പാർലമെന്ററി പാർട്ടി യോഗത്തിൽനിന്ന് വിട്ടുനിന്നു. ചെയർമാൻ സ്ഥാനം അടിയന്തരമായി ഒഴിയണമെന്ന് കാണിച്ച് പാർട്ടി തീരുമാനം അടങ്ങിയ കത്ത് ജില്ല സെക്രട്ടേറിയറ്റ് അംഗങ്ങൾ ഏരിയ കമ്മിറ്റി വഴി നൽകുകയും ചെയ്തു. നവംബർ 20ന് ചെയർമാൻ, സ്ഥാനം ഒഴിയണമെന്ന പാർട്ടി നിർദേശം ഫയലുകൾ തീർപ്പാക്കാൻ സാവകാശം വേണമെന്ന രീതിയിൽ നീട്ടിക്കൊണ്ടു പോവുകയായിരുന്നു. എന്നാൽ അവേശേഷിക്കുന്ന ഒരുവർഷം ചെയർമാൻ സ്ഥാനം സി.പി.ഐക്ക് നൽകണമെന്ന ഇടതുമുന്നണി തീരുമാനം വൈകരുതെന്ന അന്ത്യശാസനം പാർട്ടി വീണ്ടും നൽകിയതിലൂടെയാണ് കഴിഞ്ഞ ദിവസം രാജി തീരുമാനം പ്രഖ്യാപിച്ചത്.വ്യാഴാഴ്ച രാജി സമർപ്പിക്കുന്നതോടെ പുതിയ ചെയർമാനെ തെരഞ്ഞെടുക്കാൻ നഗരസഭ അധികൃതർ വകുപ്പ് മേധാവികളുടെ അനുമതി തേടും.