മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്നു…രണ്ടര വയസുകാരന്റെ ചെവി തെരുവ് നായ കടിച്ചു മുറിച്ചു…
വീടിന് സമീപം കളിച്ചുകൊണ്ടിരുന്ന പിഞ്ചുകുഞ്ഞിന് നേരെ തെരുവുനായ ആക്രമണം. കരുനാഗപ്പള്ളി നഗരസഭ 14–ാം വാർഡിൽ പടനായർകുളങ്ങര വടക്ക് കുമരേത്ത് പടിഞ്ഞാറെ തറയിൽ ശ്യാംകുമാറിന്റെയും സംഗീതയുടെയും രണ്ടര വയസുള്ള മകൻ ആദിനാഥിനെയാണ് തെരുവ് നായ ആക്രമിച്ചത്. കുട്ടിയുടെ ചെവി തെരുവുനായ കടിച്ചു പറിച്ചു. കഴിഞ്ഞ ദിവസം രാവിലെ 11.30 ഓടെ ആയിരുന്നു സംഭവം നടന്നത്. മുത്തച്ഛനൊപ്പം വീടിന് സമീപം കളിച്ചുകൊണ്ട് നിന്ന കുട്ടിയെ അവിടേക്ക് എത്തിയ തെരുവുനായ ആക്രമിക്കുകയായിരുന്നു.
കുട്ടിയുടെ കഴുത്തിലും നെറ്റിക്കും മുറിവുകളുണ്ട്. കുട്ടിക്കൊപ്പം ഉണ്ടായിരുന്ന മുത്തച്ഛൻ ഉടൻ തന്നെ നായയെ കല്ലെറിഞ്ഞ് ഓടിച്ചു. താലൂക് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിക്ക് പ്രാഥമിക ചികിത്സ നൽകിയ ശേഷം ചെവി പ്ലാസ്റ്റിക് സർജറി ചെയ്യാൻ വേണ്ടി പാരിപ്പള്ളി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. എന്നാൽ ഇവിടെ പ്ലാസ്റ്റിക് സർജറി ചെയ്യുന്ന ഡോക്ടർ ഇല്ലാതിരുന്നതിനാൽ കുട്ടിയെ അവിടെ നിന്നും ജില്ലാ ആശുപത്രിയിലേക്ക് മാറ്റി. അനസ്തേഷ്യ നൽകുന്നതിലെ തടസം മൂലം പ്ലാസ്റ്റിക് സർജറി നടന്നില്ല. ചെവിയുടെ ഭാഗം തുന്നിച്ചേർക്കാനുള്ള ശ്രമമാണ് ഇപ്പോൾ നടക്കുന്നത്. നഗരസഭയുടെ പല ഭാഗങ്ങളിലും തെരുവ് നായയുടെ ശല്യം രൂക്ഷമാകുന്നുവെന്നാണ് ലഭ്യമാകുന്ന വിവരം.