ടീം വിടാനൊരുങ്ങി കരുൺ നായരും ജിതേഷ് ശര്‍മയും..

കഴിഞ്ഞ രഞ്ജി ട്രോഫിയില്‍ വിദര്‍ഭക്ക് കിരീടം സമ്മാനിക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച മലയാളി താരം കരുൺ നായരും വിക്കറ്റ് കീപ്പര്‍ ജിതേഷ് ശര്‍മയും ടീം വിടുന്നു. കരുണ്‍ നായര്‍ തന്‍റെ മുന്‍ ടീമായ കർണാടക ടീമിലേക്ക് തിരികെ പോകാനാണ് സാധ്യത. കരുണിനെ സ്വന്തമാക്കാൻ നേരത്തെ കേരള ക്രിക്കറ്റ്‌ അസോസിയേഷൻ ശ്രമിച്ചിരുന്നു. വിദർഭയെ രഞ്ജി ട്രോഫി ജേതാക്കൾ ആക്കുന്നതിൽ കരുൺ നിർണായക പങ്കു വഹിച്ചിരുന്നു. ഫൈനലില്‍ കേരളത്തിനിതിരെ സെഞ്ചുറി നേടിയ കരുണിന്‍റെ പ്രകടനാണ് വിദര്‍ഭക്ക് കിരീടം സമ്മാനിച്ചത്

വ്യക്തിപരമായ കാരണങ്ങളെ തുടർന്നാണ് കരുൺ വിദർഭ വിടാൻ തീരുമാനിച്ചതെന്നാണ് വിവരം. കഴിഞ്ഞ സീസൺ രഞ്ജി ട്രോഫിയിൽ 863 റൺസും വിജയ് ഹസാരെ ടൂർണമെന്‍റിൽ 779 റൺസും നേടിയാണ് കരുൺ കരുത്ത് തെളിയിച്ചത്. രഞ്ജി ട്രോഫിയിലെ നാലാമത്തെ വലിയ റണ്‍വേട്ടക്കാരനുമായിരുന്നു കരുണ്‍. ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനത്തെ തുടര്‍ന്ന് എട്ട് വര്‍ഷത്തെ ഇടവേളക്ക് ശേഷം ഇന്ത്യൻ ടീമില്‍ തിരിച്ചെത്തിയ 33കാരനായ കരുണ്‍ ഇംഗ്ലണ്ടിനെതിരായ ആദ്യ ടെസ്റ്റിനുള്ള ഇന്ത്യയുടെ പ്ലേയിംഗ് ഇലവനിലും ഇടം പിടിച്ചിരുന്നു. കഴിഞ്ഞ സീസണില്‍ കരുണിന്‍റെ വിദര്‍ഭയെ തോല്‍പ്പിച്ചാണ് കര്‍ണാടക വിജയ് ഹസാരെ ചാമ്പ്യൻമാരായത്. എന്നാല്‍ രഞ്ജി ട്രോഫിയില്‍ കര്‍ണാടകക്ക് നോക്കൗട്ടില്‍ കടക്കാനായിരുന്നില്ല.

കരുണിനൊപ്പം വിദര്‍ഭ ടീം വിടുന്ന വിക്കറ്റ് കീപ്പർ ജിതേഷ് ശർ അടുത്ത ആഭ്യന്തര സീസണില്‍ ബറോഡ ടീമിലാവും കളിക്കുക എന്നാണ് സൂചന. 31കാരനായ ജിതേഷുമായി രണ്ട് ദിവസത്തിനുള്ള ബറോഡ കരാരറൊപ്പിടുമെന്നാണ് കരുതുന്നത്. കഴിഞ്ഞ ഐപിഎല്ലില്‍ ആര്‍സിബിക്ക് ആദ്യ കിരീടം സമ്മാനിച്ചതില്‍ ജിതേഷ് നിര്‍ണായക പങ്കുവഹിച്ചിരുന്നു. ഫൈനലില്‍ അടക്കം നിര്‍ണായക പ്രകടനം പുറത്തെടുത്ത ജിതേഷ് ക്യാപ്റ്റന്‍ രജത് പാട്ടീദാറിന്‍റെ അഭാവത്തില്‍ ആര്‍സിബിയെ നയിക്കുകയും ചെയ്തിരുന്നു

Related Articles

Back to top button