ജന്മദിനത്തിനും വിവാഹ വാർഷികത്തിനും അവധി ആവശ്യപ്പെട്ടാൽ നിർബന്ധമായും നൽകണം..

പൊലീസ് ഉദ്യോഗസ്ഥർക്ക് അവരുടെ ജന്മദിനത്തിനും വിവാഹ വാർഷിക ദിനത്തിനും കാഷ്വൽ ലീവ് അനുവദിക്കാൻ അനുമതി നൽകുന്ന സർക്കുലർ പുറത്തിറക്കി കർണാടക. പൊലീസുകാരുടെ ജോലിയും ജീവിത സമതുലിതാവസ്ഥ മെച്ചപ്പെടുത്താനും മനോവീര്യം ഉയർത്താനും ലക്ഷ്യമിട്ടാണ് കർണാടക സംസ്ഥാന പൊലീസ് ആസ്ഥാനം ഈ സുപ്രധാന ഉത്തരവ് പുറത്തിറക്കിയിരിക്കുന്നത്. പൊതുസുരക്ഷയും സമാധാനവും ഉറപ്പാക്കുന്നതിനായി പൊലീസ് സേന കടുത്ത സമ്മർദ്ദവും വെല്ലുവിളികളും നിറഞ്ഞ സാഹചര്യങ്ങളിൽ ജോലി ചെയ്യുന്നു. ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ വ്യക്തിജീവിതത്തിലെ പ്രധാന ദിവസങ്ങൾക്ക് പ്രാധാന്യം നൽകുന്നത് ഉദ്യോഗസ്ഥരുടെ മാനസിക ആരോഗ്യം മെച്ചപ്പെടുത്താൻ സഹായകരമാകുമെന്നും ഉത്തരവിൽ പറയുന്നു



