റംസാൻ മാസത്തിൽ സമയക്രമം മാറ്റാൻ അനുവാദം, സ്കൂളുകളുടെ പ്രവർത്തനത്തിൽ സമയമാറ്റം

റംസാൻ മാസത്തിൽ ഉറുദു മീഡിയം ജൂനിയർ പ്രൈമറി, സെക്കൻഡറി സ്കൂളുകളിലെ സമയക്രമം കർണാടക സർക്കാർ പരിഷ്കരിച്ചു. ഉറുദു, മറ്റ് ന്യൂനപക്ഷ ഭാഷാ സ്കൂളുകളുടെ നിർദ്ദേശപ്രകാരം,രാവിലെ 8:00 മുതൽ ഉച്ചയ്ക്ക് 12:45 വരെയായിരിക്കിയാണ് സമയം പരിഷ്കരിച്ചത്. എന്നാൽ, സർക്കാർ തീരുമാനത്തെ പ്രതിപക്ഷമായ ബിജെപി വിമർശിച്ചു. കോൺഗ്രസ് സർക്കാർ പ്രീണന രാഷ്ട്രീയം കളിക്കുകയാണെന്ന് ബിജെപി നേതാക്കൾ ആരോപിച്ചു. ഹിന്ദു ഉത്സവങ്ങൾക്കും സമാനമായ സൗകര്യങ്ങൾ ഒരുക്കുമോ എന്ന് ബിജെപി ചോദിച്ചു. കോൺഗ്രസ് പാർട്ടി എപ്പോഴും ഹിന്ദുമതത്തിനെതിരെയാണ് നീങ്ങുന്നത്.
ഹിന്ദുവായിരുന്നിട്ടും മുഖ്യമന്ത്രി സിദ്ധരാമയ്യ ഇതുതന്നെയാണ് ചെയ്യുന്നതെന്ന് പ്രതിപക്ഷ നേതാവ് ചാലവടി നാരായണസ്വാമി പറഞ്ഞു. സർക്കാർ റംസാന് പ്രത്യേക ശ്രദ്ധ നൽകുന്നുണ്ടെങ്കിൽ, എന്തുകൊണ്ട് ഹിന്ദുക്കൾക്ക് ശ്രദ്ധ നൽകുന്നില്ല. വോട്ടിന് വേണ്ടി മുസ്ലീങ്ങളിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുന്ന സർക്കാറാണെന്ന് കർണാടകയിലെ ജനങ്ങൾക്ക് തോന്നുമെന്നും നാരായണസ്വാമി കൂട്ടിച്ചേർത്തു. നവരാത്രിയിലും സമാനമായ ഇളവുണ്ടാകുമോയെന്ന് ബിജെപി ദേശീയ വക്താവ് ഷെഹ്സാദ് പൂനവല്ലയും ചോദിച്ചു.
റംസാൻ സമയത്ത് അധ്യാപകരെയും ജീവനക്കാരെയും നേരത്തെ പോകാൻ അനുവദിക്കുന്നു. പക്ഷേ നവരാത്രിയിൽ ഇത് അനുവദിക്കുമോ? കോൺഗ്രസ് എപ്പോഴും അവരുടെ വോട്ട് ബാങ്കിന് മുൻഗണന നൽകുന്നു. ഭരണഘടന അനുസരിച്ച് കാര്യങ്ങൾ ന്യായമായും തുല്യമായും ചെയ്യണമെന്ന കാഴ്ചപ്പാട് അവർക്കില്ലെന്നും പൂനവല്ല എഎൻഐയോട് പറഞ്ഞു. എല്ലാ സമുദായങ്ങളെയും തുല്യമായി പരിഗണിക്കാനുള്ള ശ്രമങ്ങളെ ബിജെപി എതിർക്കുന്നുവെന്ന് ആഭ്യന്തരമന്ത്രി ജി. പരമേശ്വര ആരോപിച്ചതോടെ കോൺഗ്രസ് തിരിച്ചടിച്ചു.



