കാപ്പാ… മാവേലിക്കരയിൽ അന്തര്‍ജില്ലാ ഗുണ്ടയെ ജയിലിലടച്ചു….
മാവേലിക്കര- ആലപ്പുഴ ജില്ലയിൽ ഗുണ്ടാ പ്രവർത്തനങ്ങൾക്കെതിരെ നടക്കുന്ന പോലീസ് നടപടിയുടെ ഭാഗമായാണ് നടപടി. ജില്ലാ പോലീസ് മേധാവി എം.പി മോഹന ചന്ദ്രന്റെ നേതൃത്വത്തിൽ നടത്തുന്ന സ്പെഷ്യൽ ഡ്രൈവിന്റെ ഭാഗമായി ചെങ്ങന്നൂർ ഡി.വൈ.എസ്.പി എം.കെ ബിനു കുമാറിന്റെ മേൽനോട്ടത്തിലാണ് ചെങ്ങന്നൂര്‍ സബ് ഡിവിഷനില്‍ ക്രിമിനലുകൾക്കെതിരെയുള്ള പ്രവർത്തനങ്ങൾ ശക്തമാക്കിയത്.
മാവേലിക്കര താലൂക്കിലെ നൂറനാട് പോലീസ് സ്റ്റേഷൻ പരിധിയിൽ താമസക്കാരനായ അന്തര്‍ ജില്ലാ ഗുണ്ടയായ ആദിക്കാട്ടുകുളങ്ങര കുറ്റിപ്പറമ്പില്‍ വീട്ടിൽ ഹാഷിം (36)നെയാണ് നൂറനാട് സി.ഐ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്ത് തിരുവനന്തപുരം പൂജപ്പുര സെന്‍ട്രല്‍ ജയിലിലടച്ചത്.
2006 മുതൽ നൂറനാട്, അടൂർ, ശാസ്താംകോട്ട തുടങ്ങിയ പോലീസ് സ്റ്റേഷനുകളിൽ 22 ഓളം കേസുകളിൽ ഇയാള്‍ പ്രതിയാണ്. വീടുകയറി അക്രമം, കൊലപാതകശ്രമം, ഗഞ്ചാവ് കടത്ത്, ഭവനഭേദനം, ആയുധങ്ങളുമായി അക്രമം തുടങ്ങി വിവിധതരത്തിലുള്ള വിധ്വംസക പ്രവർത്തനങ്ങളിൽ സ്ഥിരമായി ഏർപ്പെട്ടു വന്ന ഹാഷിമിനെ കാപ്പാ നിയമ പ്രകാരം എറണാകുളം റേഞ്ച് DIG യുടെ ഉത്തരവിന്റെ അടിസ്ഥാനത്തില്‍ 19.10.2023 മുതൽ ഒരു വർഷത്തേക്ക് ആലപ്പുഴ ജില്ലയില്‍ നിന്നും നാടുകടത്തിയിരുന്നു. നാടുകടത്തല്‍ നടപടിയുടെ സമയപരിധി കഴിഞ്ഞ ശേഷം തിരിച്ചെത്തിയ ഇയാൾ വീണ്ടും അക്രമ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടു തുടങ്ങി. 04.01.2025 തീയതി വൈകിട്ട് 3 മണിക്ക് നൂറനാട് ആശാന്‍ കലുങ്ക് ഭാഗത്ത് – സ്ത്രീകൾ നടത്തുന്ന ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തി അക്രമം നടത്തിയതിനാണ് അവസാനമായി കേസ് രജിസ്റ്റര്‍ ചെയ്തത്.
മദ്യ ലഹരിയില്‍ ഹോട്ടലിൽ ഭക്ഷണം കഴിക്കാൻ എത്തിയ ഗുണ്ടാ നേതാവിന് ഭക്ഷണം വിളമ്പിക്കൊടുത്ത ഹോട്ടലുടമയുടെ ബന്ധുവായ ചെറുപ്പക്കാരനെ അസഭ്യം വിളിക്കുകയും കയ്യേറ്റം ചെയ്യാൻ ശ്രമിക്കുകയും ചെയ്യുന്നത് കണ്ടു തടയാൻ ശ്രമിച്ച ഹോട്ടൽ ഉടമയായ സ്ത്രീയെ ഇയാൾ ക്രൂരമായി മർദ്ദിച്ചു. ഹോട്ടലിനുള്ളിലും അടുക്കളയിലും കടന്നു കയറി ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും നാശനഷ്ടം വരുത്തുകയും ചെയ്ത ശേഷം ഇയാൾ കാറില്‍ കടന്നു കളഞ്ഞു. ഈ കേസിലും ഹാഷിമിനെ നൂറനാട് പോലീസ് അറസ്റ്റ് ചെയ്തിരുന്നു.
ഷൊർണൂർ റെയിൽവേ പോലീസ് സ്റ്റേഷനില്‍ 20.10.2018 തീയതി 2 കിലോ ഗഞ്ചാവുമായി അറസ്റ്റ് ചെയ്ത ഹാഷിമിനെതിരേ നൂറനാട് എക്സൈസും NDPS കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട് . 2020ൽ ശാസ്താംകോട്ട പാകിസ്ഥാന്‍ മുക്കില്‍ രജനീഷ് എന്നയാളെ വാളുകൊണ്ട് വെട്ടി മാരകമായി പരിക്കേല്‍പ്പിച്ച് കൊല്ലാന്‍ ശ്രമിച്ച മുഖംമൂടി ആക്രമണ കേസിലും പ്രധാന പ്രതിയാണ് ഇയാൾ. വിവിധ കേസുകളിലായി പാലക്കാട് ജില്ലാ ജയിലിലും മാവേലിക്കര സ്പെഷ്യല്‍ സബ് ജയിലിലും കൊട്ടാരക്കര ജില്ലാ ജയിലിലും പത്തനംതിട്ട ജില്ലാ ജയിലിലും പല തവണ ഇയാള്‍ തടവില്‍ കഴിഞ്ഞിട്ടുണ്ട്.
നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാര്‍ ആലപ്പുഴ ജില്ലാ പോലീസ് മേധാവി എം.പി മോഹനചന്ദ്രന്‍ മുഖാന്തിരം സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ആലപ്പുഴ ജില്ലാ കളക്ടര്‍ അലക്സ് വര്‍ഗീസ് ആണ് ഇയാൾക്ക് എതിരെ 1 വര്‍ഷത്തേക്ക് കരുതല്‍ തടങ്കലില്‍ സൂക്ഷിക്കുന്നതിന് ഉത്തരവു പുറപ്പെടുവിച്ചത്. ഒളിവില്‍ കഴിഞ്ഞു വന്ന ഹാഷിമിനെ അറസ്റ്റ് ചെയ്യുന്നതിനായി ചെങ്ങന്നൂര്‍ ഡി.വൈ.എസ്.പി എം.കെ ബിനുകുമാര്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു. നൂറനാട് പോലീസ് ഇന്‍സ്പെക്ടര്‍ എസ്.ശ്രീകുമാറിന്റെ നേതൃത്വത്തിലുളള പോലീസ് സംഘം 23ന് വൈകിട്ട് ഇയാളെ കസ്റ്റഡിയിലെടുത്ത ശേഷം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലാക്കി.
2024 മുതല്‍ നൂറനാട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നു മാത്രം 9 ഗുണ്ടകളെ നാടുകടത്തുകയും ഹാഷിമിന്റെ സഹോദരന്‍ ആഷിഖ്, വിനു വിജയന്‍ എന്നീ ഗുണ്ടകളെ കരുതല്‍ തടങ്കലിലാക്കുകയും ചെയ്തിട്ടുണ്ട്. ലഹരി മാഫിയക്കെതിരേയും ഗുണ്ടകൾക്കെതിരെയും ആലപ്പുഴ ജില്ലാ തലത്തില്‍ നടപടികള്‍ ശക്തിപ്പെടുത്തിയിട്ടുണ്ട്. ഓരോ പോലീസ് സ്റ്റേഷന്‍ പരിധിയിലും ഗുണ്ടാ പ്രവര്‍ത്തനത്തിലേര്‍പ്പെടുന്നവരുടെ പട്ടിക തയ്യാറാക്കി ചിട്ടയായ നിയമ നടപടികള്‍ സ്വീകരിച്ചു വരുന്നു. വരു ദിവസങ്ങളിലും ഊര്‍ജ്ജിതമായ പരിശോധനകളും കാപ്പാ നിയമം അനുസരിച്ചുളള കരുതല്‍ തടങ്കല്‍, നാടുകടത്തല്‍ തുടങ്ങിയ കൂടുതല്‍ നടപടികളും ഉണ്ടാകുമെന്ന് പോലീസ് അറിയിച്ചു.