ഒടുവിൽ ആശ്വാസ വാർത്ത.. നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി കാന്തപുരം.. ഉടൻ ജയിൽ മോചിതയാകും…
നിമിഷ പ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായി യെമന്‍ അധികൃതരില്‍ നിന്ന് അറിയിപ്പ് ലഭിച്ചതായി കാന്തപുരം എപി അബൂബക്കര്‍ മുസ്ലിയാര്‍.മോചനത്തെ സംബന്ധിച്ച ചര്‍ച്ചകള്‍ തുടരുമെന്നും അദ്ദേഹത്തിന്‍റെ ഓഫീസ് അറിയിച്ചു. ഇന്ന് നടന്ന അന്തിമ ചര്‍ച്ചകള്‍ക്ക് പിന്നാലെയാണ് തീരുമാനം.യെമനിൽ തരീമിൽനിന്നുള്ള പണ്ഡിതൻ ഹബീബ് ഉമർ ബിൻ ഫഫിള് നിയോഗിച്ച യെമൻ പണ്ഡിത സംഘത്തിനു പുറമെ ഉത്തര യെമനിലെ ഭരണാധികാരികളും രാജ്യാന്തര നയതന്ത്ര ഉദ്യോഗസ്ഥരും പങ്കെടുത്ത മധ്യസ്ഥ ചർച്ചകളിലാണ് തീരുമാനമുണ്ടായതെന്ന് എ.പി.അബൂബക്കർ മുസല്യാരുടെ ഓഫിസ് അറിയിച്ചു.
കൊല്ലപ്പെട്ട തലാലിന്റെ കുടുംബവുമായുള്ള തുടർചർച്ചകൾക്ക് ശേഷമായിരിക്കും ശിക്ഷ സംബന്ധിച്ച മറ്റു കാര്യങ്ങൾ തീരുമാനിക്കുക. വധശിക്ഷ ഒഴിവാക്കാൻ ധാരണയായെങ്കിലും അന്തിമ തീരുമാനത്തിനായി ചർച്ചകൾ തുടരുമെന്നാണ് വിവരം. നേരത്തെ ജൂലൈ 16 ന് നിശ്ചയിച്ച വധശിക്ഷ കാന്തപുരം എപി അബൂബക്കർ മുസ്ലിയാരുടെ ഇടപെടലിനെ തുടർന്ന് താത്കാലികമായി നീട്ടിവെച്ചിരുന്നു.
അതേസമയം, നിമിഷപ്രിയയുടെ വധശിക്ഷ നടപ്പാക്കണമെന്നാവശ്യപ്പെട്ട് കൊല്ലപ്പെട്ട തലാലിൻ്റെ സഹോദരൻ രംഗത്തെത്തിയതായും റിപ്പോർട്ടുകൾ പുറത്തുവരുന്നുണ്ട്. നിമിഷ പ്രിയയുടെ വധശിക്ഷ നടപ്പാക്കുന്നതിൽ പുതിയ തിയതി നിശ്ചയിക്കണം എന്നാവശ്യപ്പെട്ടു കൊല്ലപ്പെട്ട തലാലിന്റെ സഹോദരൻ പബ്ലിക് പ്രോസിക്യൂട്ടർക്ക് കത്ത് നൽകി. ഈ കത്ത് തലാലിൻ്റെ സഹോദരൻ ഫേസ്ബുക്കിൽ പങ്കുവെച്ചിരുന്നു.