കാന്തപുരം – അമിത് ഷാ കൂടിക്കാഴ്ച.. ചേരിതിരിഞ്ഞ് തമ്മിലടിച്ച് സോഷ്യൽ മീഡിയ…
കാന്തപുരം എ പി അബൂബക്കര്‍ മുസ്ലിയാര് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ കൂടിക്കാഴ്ച സാമൂഹ്യ മാധ്യമങ്ങളില്‍ പുതിയ ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടിരിക്കുകയാണ്. മകന് ഡോ. ഹക്കീം അസ്ഹരിക്ക് ഒപ്പമായിരുന്നു എ പി അബൂബക്കര്‍ മുസ്ലിയാര് കേന്ദ്രമന്ത്രിയെ കണ്ടത്. ന്യൂനപക്ഷ സമൂഹങ്ങള്‍ നേരിടുന്ന പ്രതിസന്ധികള്‍ സംബന്ധിച്ച് മന്ത്രിയുമായി ചര്‍ച്ച നടത്തിയെന്നും പ്രധാന ആശങ്കകള്‍ അറിയിച്ച് കാര്യക്ഷമമായ പരിഹാര നിര്‍ദേശങ്ങള്‍ പങ്കുവെച്ചെന്നും വ്യക്തമാക്കി ഹക്കീം അസ്ഹരി ഫെയ്സ് ബുക്കില്‍ പങ്കുവച്ച പോസ്റ്റിന് പിന്നാലെയാണ് വിഷയം സജീവ ചര്‍ച്ചയായത്.അബൂബക്കര്‍ മുസ്ലിയാരും അമിത് ഷായും തമ്മില്‍ നടത്തിയ കൂടിക്കാഴ്ചയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേരാണ് സാമൂഹ്യമാധ്യമങ്ങളില്‍ പ്രതികരിച്ചിരിക്കുന്നത്.
അനുനയത്തിന്റെയും സഹകരണത്തിന്റെയും വഴികള്‍ തേടുക എന്നത് തെറ്റായ മാര്‍ഗമല്ലെന്നാണ് സന്ദര്‍ശനത്തെ അനുകൂലിക്കുന്നവരുടെ വാദം. വീട്ടിനുള്ളിലായാലും നാട്ടിലായാലും ആശയ വിനിമയം ഏറെ പ്രധാനമാണ്. വിട്ടുനില്‍ക്കല്‍ ശരിയായ മാര്‍ഗമല്ല. ഗ്രഹാം സ്റ്റെയിന്‍സ് മുതല്‍ മണിപ്പൂര്‍ വരെ മുന്നിലുള്ളപ്പോഴും ക്രിസ്ത്യന്‍ സമൂഹം മുന്നോട്ടുവയ്ക്കുന്ന അനുനയത്തിന്റെയും സഹകരണത്തിന്റെയും പാത തോറ്റുകൊടുക്കല്‍ അല്ലെന്നും ഈ വിഭാഗം വാദിക്കുന്നു.
എന്നാല്‍, മുന്‍ നിലപാടുകള്‍ ചൂണ്ടിക്കാട്ടി ഇപ്പോഴത്തെ കൂടിക്കാഴ്ചയെ വിമര്‍ശിക്കുന്നവരും ഉണ്ട്. നേരത്തെ ചില മുസ്ലീം സംഘടനകള്‍ ആര്‍എസ്എസ് നേതൃത്വവുമായി ചര്‍ച്ച നടത്തിയപ്പോള്‍ അതിനെ വിമര്‍ശിച്ചവരാണ് ഇപ്പോള്‍ കൂടിക്കാഴ്ചയ്ക്ക് മുന്നിലെന്നാണ് ഈ വിഭാഗത്തിന്റെ വാദം. ആടിനെ പട്ടിയാക്കുന്ന സ്വഭാവമാണ് ഇപ്പോള്‍ കാണിക്കുന്നതെന്നും വിമർശനമുണ്ട്.



