ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം മുടങ്ങി, ഓഫീസ് പൂട്ടിയിട്ടു സൂചനാ പണിമുടക്കുമായി ജീവനക്കാർ

കണ്ണൂരിലെ പഞ്ചായത്തിൽ രണ്ടുമാസമായി ശമ്പളമില്ല. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളം കിട്ടാതെ വന്നതോടെ പ്രതിഷേധവുമായി ജീവനക്കാർ. കണ്ണൂർ വളപട്ടണം പഞ്ചായത്തിലെ ജീവനക്കാരാണ് ശമ്പളം മുടങ്ങിയതോടെ സൂചന പണിമുടക്ക് നടത്തിയത്. യൂണിയനുകളുടെ പിന്തുണയില്ലാതെ മുഴുവൻ ജീവനക്കാരും കാഷ്വൽ അവധിയെടുത്ത് ഓഫീസ് പൂട്ടിയിട്ടായിരുന്നു തങ്ങളുടെ പ്രതിഷേധം അറിയിച്ചത്. ജീവനക്കാരുടെ പണിമുടക്കിയതിനെത്തുടർന്ന് ഓഫിസ് പ്രവർത്തനം പൂർണമായും തടസ്സപ്പെട്ടു.
യുഡിഎഫ് ഭരിക്കുന്ന പഞ്ചായത്തിന്റെ 1.53 കോടി രൂപ വളപട്ടണം സഹകരണ ബാങ്കിൽനിന്നു പിൻവലിക്കാനാകാത്തതാണ് ഓൺഫണ്ടിൽനിന്നുള്ള ശമ്പളവിതരണത്തിനു തടസ്സമായത്. യുഡിഎഫ് ഭരണത്തിലായിരുന്ന സഹകരണ ബാങ്ക് സാമ്പത്തിക ക്രമക്കേടുകൾമൂലം പ്രതിസന്ധിയിലായതിനെത്തുടർന്ന് അഡ്മിനിസ്ട്രേറ്റീവ് ഭരണത്തിലാണ്. സംസ്ഥാനത്തെ ഏറ്റവും ചെറിയ പഞ്ചായത്തായ വളപട്ടണത്തിന് ഫണ്ട് നീക്കിയിരിപ്പും ഇല്ല. പ്രതിവർഷം 54 ലക്ഷം രൂപ മാത്രമാണു നികുതി വരുമാനം. ഇത്തരം പഞ്ചായത്തുകൾക്കു സർക്കാർ ഗ്യാപ് ഫണ്ട് അനുവദിക്കുമെങ്കിലും വളപട്ടണത്തിന് ഒന്നരക്കോടി നിക്ഷേപമുള്ളതിനാൽ ഗ്യാപ് ഫണ്ട് ലഭിക്കുന്നില്ല. നവംബർ മാസത്തെ ശമ്പളം രണ്ടു ഗഡുക്കളായാണു നൽകിയത്. ഡിസംബർ, ജനുവരി മാസങ്ങളിലെ ശമ്പളമാണ് ഇനി ജീവനക്കാർക്ക് കിട്ടാനുള്ളത്. നികുതിവരുമാനത്തിൽ നിന്നാണ് നിലവിൽ ശമ്പളമുൾപ്പെടെ നൽകുന്നത്.



