ഇണചേരൽ കാലം, രാജവെമ്പാലകൾ ജനവാസ മേഖലയിൽ.. ഇന്നലെ മാത്രം പിടിയിലായത് 4 രാജവെമ്പാല!
ഇണചേരൽ കാലമായതോടെ രാജവെമ്പാലകൾ കൂടുതലായി ജനവാസമേഖലകളിലേക്ക് ഇറങ്ങുകയാണ്. ഉഗ്രവിഷമുള്ള രാജവെമ്പാല നാട്ടിലിറങ്ങുന്നതോടെ ജനങ്ങളും പരിഭ്രാന്തിയിലാണ്. ഉഗ്രവിഷമുള്ള രാജവെമ്പാല കടിച്ചാൽ 6 മുതൽ 15 മിനിറ്റിനകം മരണം സംഭവിക്കാമെന്നും ഉടൻ വിദഗ്ധ ചികിത്സ ലഭിച്ചാൽ മാത്രമേ രക്ഷപ്പെടുത്താനാകൂ എന്നുമാണ് വിദഗ്ധർ പറയുന്നത്. കണ്ണൂരിന്‍റെ മലയോര മേഖലയിൽ മാർച്ചിൽ മാത്രം പത്തിലധികം രാജവെമ്പാലകളെയാണ് വീട്ടുപരിസരങ്ങളിൽ നിന്ന് പിടികൂടിയത്. കഴിഞ്ഞ ദിവസം മാത്രം പിടിയിലായത് നാല് രാജ വെമ്പാലകളാണ്.
ചൂട് കൂടിയതോടെ പാമ്പുകൾ ജനവാസ കേന്ദ്രങ്ങളിൽ കൂടുതൽ കാണപ്പെടുന്നുണ്ടെന്നും ജാഗ്രത വേണമെന്നുമാണ് വനംവകുപ്പിലെ താൽക്കാലിക വാച്ചറും പാമ്പ് പിടുത്തക്കാരനുമായ കണ്ണൂരിന്‍റെ സ്നേക്ക് മാസ്റ്ററായ ഫൈസൽ വിളക്കോട് പറയുന്നത്. പാമ്പുകളിൽ എളുപ്പം വരുതിയിലാകുന്നത് രാജവെമ്പാലയെന്നാണ് ഫൈസലിന്‍റെ പക്ഷം. പിടികൂടാൻ എളുപ്പം രാജ വെമ്പാലെയെ ആണ്. പേരിലേ രാജാവൊള്ളു, പൊതുവെ ശാന്തനാണെന്നാണ് ഫൈസൽ പറയുന്നത്.