വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ഒരാൾ കിടക്കുന്നതായി കണ്ടു… മണ്ണെല്ലാം ശരീരത്തിൽ വീണ് കിടക്കുന്നു..കണ്ണൂരിലെ സ്ഫോടനത്തിൽ കൂടുതൽ വിവരങ്ങൾ…
പുലർച്ചെ എന്തോ പൊട്ടിത്തെറിക്കുന്ന ശബ്ദം കേട്ടാണ് വീടിന് പുറത്തിറങ്ങിയതെന്ന് കണ്ണൂർ കീഴറയിലെ നാട്ടുകാരൻ. ശബ്ദം കേട്ടപ്പോൾ തൻ്റെ വീടിൻ്റെ ജനൽ പൊട്ടിയിരുന്നു. പുറത്തിറങ്ങി നോക്കിയപ്പോൾ അടുത്തുള്ള വീട് കാണാനില്ലായിരുന്നുവെന്നും താമസക്കാരെ കുറിച്ച് വ്യക്തമായി അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു. കണ്ണൂർ കണ്ണപുരം കീഴറയിലെ വീട്ടിൽ ഇന്ന് പുലർച്ചെ രണ്ട് മണിയോടെയാണ് സ്ഫോടനം ഉണ്ടായത്. സ്ഫോടനത്തിൽ ഒരാൾ മരിച്ചതായാണ് സൂചന. എന്നാൽ ഇക്കാര്യം പൊലീസ് സ്ഥിരീകരിച്ചിട്ടില്ല.
വീടിനുള്ളിൽ കയറി നോക്കിയപ്പോൾ ഒരാൾ കിടക്കുന്നതായി കണ്ടു. മണ്ണെല്ലാം ശരീരത്തിൽ വീണ് കിടക്കുന്നുണ്ട്. ബോംബിൻ്റെ അവശിഷ്ടങ്ങളാണ് ചുറ്റിലും കണ്ടത്. രാത്രി മാത്രമാണ് ഈ വീട്ടിലെ താമസക്കാർ എത്തിയിരുന്നത്. രാത്രി ലൈറ്റ് ഓഫാക്കിയാണ് അവർ എത്തിയിരുന്നത്. എപ്പോഴാണ് വരുന്നതെന്നോ പോകുന്നതോന്നോ എന്നതിനെ കുറിച്ച് വ്യക്തമല്ലെന്നും താമസക്കാരെ കുറിച്ച് കൂടുതലൊന്നും അറിയില്ലെന്നും പ്രദേശവാസി പറഞ്ഞു. പുലർച്ചെ ശബ്ദം കേട്ടാണ് സ്ഥലത്തേക്ക് എത്തിയതെന്ന് മറ്റൊരു നാട്ടുകാരനും പറഞ്ഞു. പുലർച്ചെ 1.50നാണ് ശബ്ദം കേട്ടത്. ശബ്ദം കേട്ടതിനെ തുടർന്ന് വീട്ടിലെത്തിയപ്പോൾ ഒരാൾ കട്ടിലിൽ കിടക്കുന്നതാണ് കണ്ടത്. അയാളുടെ കാൽ മാത്രമാണ് കാണാൻ കഴിഞ്ഞത്. മറ്റു ശരീര ഭാഗങ്ങളിൽ വീടിൻ്റെ അവശിഷ്ടങ്ങൾ വീണ് കിടക്കുകയായിരുന്നുവെന്നും പ്രദേശവാസി പറഞ്ഞു.
സ്ഫോടനത്തിൽ വീട് പൂർണ്ണമായി തകർന്നു. അപകടത്തിൽ വീട്ടിലുണ്ടായിരുന്നവർക്ക് പരിക്കേറ്റതായും ഒരാൾ മരിച്ചതായും സൂചനയുണ്ട്. സ്ഫോടനത്തിന് പിന്നാലെ ശരീര അവശിഷ്ടങ്ങൾ ചിന്നിച്ചിതറി കിടക്കുകയാണെന്നാണ് വിവരം. ബോംബ് നിർമ്മാണത്തിനിടെ ഉണ്ടായ അപകടമാണ് സ്ഫോടനത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. കീഴറ ഗോവിന്ദൻ എന്നയാളുടെ ഉടമസ്ഥതയിലുള്ള വീട്ടിൽ രണ്ടു പേരാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. പയ്യന്നൂരിൽ സ്പെയർ പാർട്സ് കട നടത്തുന്നവരാണ് ഇവരെന്നാണ് ലഭിക്കുന്ന വിവരം. അപകടവിവരമറിഞ്ഞ് കണ്ണപുരം പൊലീസും തളിപ്പറമ്പിൽ നിന്നുള്ള ഫയർഫോഴ്സ് സംഘവും സ്ഥലത്തെത്തി. സ്ഫോടനം നടന്ന വാടക വീട്ടിൽ നിന്നും പൊട്ടാത്ത നാടൻ ബോംബുകൾ കണ്ടെത്തി. അപകടം നടന്ന സ്ഥലത്ത് ബോംബ് സ്ക്വാഡ് പരിശോധന നടത്തുകയാണ്. ബോംബ് നിർമ്മാണത്തിനിടെയാണ് സ്ഫോടനം ഉണ്ടായതെന്ന പ്രാഥമിക നിഗമനം ശരിവെക്കുന്നതാണ് പുതിയ കണ്ടെത്തൽ. സ്ഫോടനത്തിൻ്റെ ആഘാതത്തിൽ സമീപത്തെ വീടുകൾക്കും നാശനഷ്ടങ്ങളുണ്ടായി. നിരവധി വീടുകളുടെ വാതിലുകൾ തകരുകയും ചുമരുകളിൽ വിള്ളലുകൾ വീഴുകയും ചെയ്തിട്ടുണ്ട്
വീട് പൊട്ടിക്കിടക്കുന്നുണ്ട്. താമസിക്കുന്നവരെ കുറിച്ച് പ്രദേശവാസികൾക്ക് അറിയില്ല. സമീപത്തെ വീടുകൾക്കും കേടുപാടുകൾ സംഭവിച്ചിട്ടുണ്ട്. സ്ഥലത്ത് പരിശോധന തുടരുകയാണ്. ആരുടേതാണ് വീട് എന്നതുൾപ്പെടെ പൊലീസ് പരിശോധിച്ച് വരികയാണ്. പൊട്ടാത്ത സ്ഫോടക വസ്തുക്കളും ചിന്നിച്ചിതറി കിടക്കുന്നുണ്ട്. വീടിനുള്ളിൽ എത്ര പേരുണ്ട് എന്നതിനെ കുറിച്ച് വ്യക്തമല്ല.