കടക്ക് പുറത്ത്… കണ്ണൂര്‍ ജില്ലാ പഞ്ചായത്തില്‍ മാധ്യമങ്ങള്‍ക്ക്….
കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് തിരഞ്ഞെടുപ്പ് റിപ്പോർട്ട് ചെയ്യാൻ എത്തിയ മാധ്യമങ്ങളെ വിലക്കി പോലീസ്. ജില്ലാ കളക്ടറുടെ നിർദ്ദേശപ്രകാരമാണ് നടപടി എന്നാണ് പോലീസ് അറിയിച്ചിരിക്കുന്നത്. വോട്ടെടുപ്പ് നടക്കുന്ന പഞ്ചായത്ത് ഓഫീസിനു മുന്നിൽ പോലീസ് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്. മുൻകൂർ അനുവാദം വാങ്ങാതെ മാധ്യമപ്രവർത്തകരെ കടത്തിവിടില്ലെന്ന് കർശന നിർദേശമാണ് പോലീസും നൽകുന്നത്. ഇതാദ്യമായാണ് പഞ്ചായത്ത് പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ നിന്നും മാധ്യമങ്ങളെ വിലക്കുന്നത്.
അഡ്വ. കെ കെ രത്നകുമാരിയാണ് എൽഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിക്കുന്നത്. ജൂബിലി ചാക്കോയാണ് കോൺഗ്രസ് സ്ഥാനാർഥി. എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസെടുത്തതിന് പിന്നാലെയാണ് പി പി ദിവ്യയെ കണ്ണൂർ ജില്ല പഞ്ചായത്ത് പ്രസിഡൻറ് പദവിയിൽ നിന്ന് നീക്കിയത്. സിപിഐഎം ജില്ലാ സെക്രട്ടേറിയറ്റിൻറേതായിരുന്നു തീരുമാനം. തുടർന്ന് അഡ്വ. കെ കെ രത്നകുമാരിയെയാണ് പുതിയ ജില്ല പഞ്ചായത്ത് പ്രസിഡൻറായി തീരുമാനിച്ചിരുന്നു. വോട്ടെടുപ്പിൽ മുൻ പ്രസിഡൻ്റ് പി പി ദിവ്യ പങ്കെടുക്കില്ലെന്നാണ് വിവരം. നിയമോപദേശത്തിന്റെ ഭാഗമായാണ് തീരുമാനം.