ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പൊതുവേദിയിൽ കുറ്റപ്പെടുത്തി..പിന്നാലെ എഡിഎം മരിച്ച നിലയില്‍…
കണ്ണൂര്‍ എഡിഎംയെ വീട്ടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.നവീന്‍ ബാബുവിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. എഡിഎമ്മിനെതിരെ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി പി ദിവ്യ ഇന്നലെ ഗുരുതരാരോപണം ഉന്നയിച്ചിരുന്നു. ഇന്നലെ നടന്ന യാത്രയപ്പ് ചടങ്ങിനിടെയായിരുന്നു അപ്രതീക്ഷിതമായി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് വേദിയിലെത്തി ഗുരുതര ആരോപണങ്ങൾ ഇദ്ദേഹത്തിനെതിരെ ആരോപിച്ചത്. പെട്രോള്‍ പമ്പ് അനുവദിക്കുന്നതിന് അനുമതി നല്‍കിയില്ലെന്നായിരുന്നു ആരോപണം.
ക്ഷണിക്കാത്ത ചടങ്ങിൽ എത്തിയായിരുന്നു ദിവ്യയുടെ നാടകീയ നീക്കം. ചെങ്ങളായിലെ പെട്രോൾ പമ്പിന് അനുമതി നൽകുന്നതിൽ അഴിമതി നടത്തിയെന്നാണ് ആരോപണം. ജില്ലാ കലക്ടർ ഉൾപ്പെടെ വേദിയിലിരിക്കെയാണ് ആരോപണം ഉന്നയിച്ചത്. നവീൻ ബാബു ഇനി പോകുന്ന സ്ഥലത്ത് ഇങ്ങനെ പ്രവർത്തിക്കരുതെന്ന് ദിവ്യ പറഞ്ഞു. നവീൻ കുമാറിന് ഉപഹാരം നൽകുന്നത് കാണാൻ ആഗ്രഹിക്കുന്നില്ലെന്ന് പറഞ്ഞ് അവർ ഉടൻ വേദി വിടുകയും ചെയ്തു.ഇതിന് പിന്നാലെയാണ് നവീനെ ഇന്ന് ആത്മഹത്യചെയ്ത നിലയിൽ കണ്ടെത്തിയത്.