മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക് പ്രവേശിക്കരുത്.. കൊല്ലത്തെ പൊലീസ് സ്റ്റേഷനിൽ പുതിയ നിയമം…

മുൻകൂർ അനുമതി ഇല്ലാതെ അകത്തേക്ക് പ്രവേശിക്കുന്നതിന് വിലക്കേർപ്പെടുത്തി കേരളത്തിലെ ഒരു പൊലീസ് സ്റ്റേഷൻ. കൊല്ലം ജില്ലയിലെ കണ്ണനല്ലൂർ പൊലീസ് സ്റ്റേഷനിലാണ് വിചിത്ര നിയമം നടപ്പാക്കിയിരിക്കുന്നത്. പൊലീസിന്റെ സേവനം തേടിയെത്തുന്നവർ അനുമതി വാങ്ങിയ ശേഷം അകത്തു പ്രവേശിക്കാവൂ എന്നാണ് ഈ സ്റ്റേഷനിലെ പുതിയ നിയമം. ഇക്കാര്യം വ്യക്തമാക്കി പൊലീസ് സ്റ്റേഷന് മുന്നിൽ നോട്ടീസും പതിപ്പിച്ചിട്ടുണ്ട്.

സേവനങ്ങൾക്കായി പൊലീസ് സ്റ്റേഷനിൽ വരുന്നവർ വാച്ച് ഡ്യൂട്ടിയിലുള്ള ഉദ്യോഗസ്ഥനെ വിവരം ധരിപ്പിക്കണം. പിന്നീട് സമ്മതത്തോടുകൂടി മാത്രമേ അകത്ത് പ്രവേശിക്കാൻ പാടുള്ളു എന്ന് സ്റ്റേഷനിൽ പതിച്ചിട്ടുള്ള നോട്ടീസിൽ വ്യക്തമാക്കുന്നു. സ്റ്റേഷനിലെ സ്ഥലപരിമിതി മൂലമാണ് പുതിയ നിയമം എന്നാണ് കണ്ണനല്ലൂർ പൊലീസ് പറയുന്നത്. പരാതിയുമായും അല്ലാതെയും നിരവധി പേർ വരുന്നതിനാലാണ് നോട്ടീസ് പതിച്ചതെന്നും ഉദ്യോഗസ്ഥർ വിശദീകരിക്കുന്നു.

പരാതിക്കാർക്കൊപ്പം എത്തിയ ലോക്കൽ കമ്മിറ്റി സെക്രട്ടറിയെ കണ്ണനല്ലൂർ സിഐ മർദ്ദിച്ചതായി അടുത്തിടെ പരാതി ഉയർന്നിരുന്നു. ഒരു കുടംബപ്രശ്‌നവുമായി ബന്ധപ്പെട്ട് സ്റ്റേഷനിൽ മധ്യസ്ഥ ചർച്ചയ്ക്ക് എത്തിയ തന്നെ സി ഐ ഉപദ്രവിച്ചെന്നായിരുന്നു സജീവ് ആരോപിച്ചത്. പരാതി പറയാനെത്തിയ പെൺകുട്ടിയോട് പൊലീസ് അപമര്യാദയായി പെരുമാറിയെന്നും സജീവ് പറഞ്ഞിരുന്നു. പരാതിക്കാരിയായ പെൺകുട്ടിയെ ‘എടീ’ എന്നാണ് എസ്ഐ വിളിച്ചത്. കുടുംബപ്രശ്നം പരിഹരിക്കാനുള്ള ഇടമല്ല പൊലീസ് സ്റ്റേഷനെന്നും പെൺകുട്ടിയോട് എസ്ഐ പറഞ്ഞതായി സജീവ് ആരോപിച്ചിരുന്നു.

Related Articles

Back to top button